കോട്ടയം : ടെലിവിഷനിൽ കാർട്ടൂൺ കണ്ടുകൊണ്ടിരിക്കെയാണ് ആറാം ക്ലാസുകാരിയായ സൂര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയതെന്ന് മാതാവ് സാലിയുടെ മൊഴി. നാലു ദിവസമായി ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും സാലി പൊലീസിനോട് പറഞ്ഞു. മകളെ കൊലപ്പെടുത്തിയത് എന്തിനാണെന്ന പൊലീസിന്റെ ചോദ്യത്തിന് ആദ്യം ചിരിയായിരുന്നു സാലിയുടെ മറുപടി. പെണ്ണല്ലേ, അവൾ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നാണ് പിന്നീട് പറഞ്ഞത്.

സാലിയുടെ (43) അറസ്റ്റ് കുറവിലങ്ങാട് പൊലീസ് രേഖപ്പെടുത്തി. മാനസിക ദൗർബല്യത്തിന് ചികിത്സയിലായിരുന്നു സാലിയെന്ന് പൊലീസ് പറഞ്ഞു. സാലിയുടെ ഭർത്താവ് എം.ജി കൊച്ചുരാമൻ ഈരാറ്റുപേട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്.

ബുധനാഴ്ച രാവിലെ സ്കൂളിലേക്ക് പോകാൻ ഒരുങ്ങിയ സൂര്യയോടും ജേഷ്ഠൻ സ്വരൂപിനോടും ഇന്ന് പോകണ്ടെന്ന് സാലി പറഞ്ഞിരുന്നു. എന്നാൽ സ്വരൂപ് അമ്മയുടെ വാക്ക് ധിക്കരിച്ച് പോയതിനാൽ ജീവൻ നഷ്ടമായില്ല. ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ അവനും സൂര്യയുടെ ഗതി വരുമായിരുന്നു.

ഇന്നലെ വൈകുന്നേരം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച സൂര്യയുടെ മൃതദേഹം എസ്.എൻ.ഡി.പി വക ശ്മശാനത്തിൽ സംസ്കരിച്ചു. സൂര്യ പഠിച്ചിരുന്ന ഉഴവൂർ അരീക്കര ശ്രീനാരായണ യു.പി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.