കോട്ടയം: സ്കൂളിലെ പെൺകുട്ടികളുടെ ശൗചാലയത്തിൽ ഒളികാമറ വച്ച് നഗ്നദൃശ്യങ്ങൾ പകർത്തുന്നത് പതിവാക്കിയ യുവാവിനെ തേടി പൊലീസിന് വട്ടം കറങ്ങുകയാണ്.
ശൗചാലയത്തിൽ അതിരാവിലെ സ്ഥാപിച്ച കാമറ തിരിച്ചെടുക്കാൻ ഹെൽമെറ്റും മുഖംമൂടിയും ധരിച്ച് എത്തിയപ്പോഴാണ് അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് യുവാവിനെ കഴിഞ്ഞ ദിവസം ഓടിച്ചിട്ട് പിടികൂടിയത്. പൊലീസിൽ ഏൽപ്പിച്ച യുവാവിനെതിരെ പെറ്റിക്കേസ് എടുത്ത് വിട്ടയ്‌ക്കുകയായിരുന്നു. എന്നാൽ സമ്മർദ്ദം ശക്തമായതോടെ യുവാവിനെതിരെ പോക്സോ ചുമത്തി. ഇതോടെയാണ് യുവാവ് നാട്ടിൽ നിന്ന് അപ്രത്യക്ഷമായത്.
ചാരുവേലി സ്വദേശി ടോമിനെതിരെയാണ് മണിമല പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഇയാൾ ഇതിനുമുമ്പ് പലപ്രാവശ്യം ഇത്തരത്തിൽ പെൺകുട്ടികളുടെ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയതായി അറിവായിട്ടുണ്ട്. ഒളിവിൽപ്പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം മണിമലയ്ക്ക് സമീപമുള്ള ഒരു സ്കൂളിലാണ് സംഭവം. പെൺകുട്ടികളുടെ ശൗചാലയത്തിൽ നിന്ന് വൈകുന്നേരത്തോടെ ഹെൽമെറ്റ് ധാരിയായ ഒരാൾ ഇറങ്ങി വരുന്നത് ആദ്യം കണ്ടത് സ്കൂളിലെ താത്ക്കാലിക ജീവനക്കാരിയാണ്. വിവരം സ്കൂളിലെ മറ്റൊരു ജീവനക്കാരനെ ഉടൻ അറിയിച്ചു. ഇയാൾ ഹെൽമെറ്റ് ധാരിയെ പിടികൂടിയെങ്കിലും ജീവനക്കാരെ അടിച്ചുവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ, സ്കൂളിന്റെ സത്പേരിന് കളങ്കമുണ്ടാവുമെന്ന് കരുതി സ്കൂൾ വളപ്പിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടുവെന്നാണ് അദ്ധ്യാപകർ പൊലീസിൽ മൊഴിനൽകിയത്. ഇതോടെ കേസ് ദുർബലമായി. തുടർന്ന് പെറ്റിക്കേസ് എടുത്ത് യുവാവിനെ പൊലീസ് പറഞ്ഞുവിടുകയും ചെയ്തു.
എന്നാൽ, ഇക്കാര്യം കാട്ടുതീപോലെ പടർന്നു. ഇതോടെ നവമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി. സ്കൂളിനെ കളങ്കപ്പെടുത്താനാണ് നവമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ പൊലീസിനെ സമീപിച്ചു. എന്നാൽ, കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പി.ടി.എ രംഗത്തുവന്നതോടെ പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. ഇതോടെയാണ് പ്രതി നാടുവിട്ടത്.