കോട്ടയം : ഇനിയൊരു മഹാപ്രളയത്തിലും കോട്ടയം മുങ്ങില്ല. ജില്ലയിലെ മുഴുവൻ തോടുകളിലെയും നദികളിലെയും മാലിന്യം നീക്കി ആഴം കൂട്ടി പരമാവധി പ്രളയജലവും ഒഴുക്കി പ്രതിരോധക്കോട്ട തീർക്കുന്ന പ്രളയരഹിത ജില്ലാ പദ്ധതിക്ക് പച്ചക്കൊടിയായി. കൃഷി, ജലസേചനം, മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജനം എന്നീ വിഭാഗങ്ങൾക്കൊപ്പം ഹരിത കേരളമിഷനും കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്.

ജനകീയ കൂട്ടായ്‌മകളിൽ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതിനാൽ ചുവപ്പുനാടയിൽ കുടുങ്ങാതെ താഴേത്തട്ടിലുള്ള നിർദ്ദേശങ്ങളിലും ഉടൻ നടപടി ഉണ്ടാകും.

തോടുകൾ ആഴം കുറഞ്ഞ് അടഞ്ഞതും നീരൊഴുക്ക്‌ കുറഞ്ഞതുമാണ്‌ കോട്ടയത്ത് കഴിഞ്ഞ വർഷം മഹാപ്രളയത്തിന്റെ ആഘാതം കൂട്ടിയത്‌. ഇത്‌ മുൻനിറുത്തി തോടുകളിലെ ചെളിനീക്കം ചെയ്‌ത്‌ ആഴം കൂട്ടുന്ന 22. 20 കോടി രൂപയുടെ പദ്ധതിക്ക്‌ അംഗീകാരമായി. കുമരകത്ത്‌ 3, 4 വാർഡുകളിലൂടെ കടന്നുപോകുന്ന തോണിക്കടവ്‌ തോടിന്റെ നവീകരണം തുടങ്ങി. തോടുകൾക്കൊപ്പം പാടശേഖരങ്ങളുടെ പുറംബണ്ട്‌ ബലപ്പെടുത്തൽ, സംരക്ഷണഭിത്തിക്ക്‌ കല്ലുകെട്ടൽ, നദികളിലെ തടയണകളിൽ അടിഞ്ഞ മരക്കമ്പുകളും മണ്ണും നീക്കം ചെയ്യൽ എന്നീ പദ്ധതികളും ജലസേചനവിഭാഗം ഏറ്റെടുത്തിട്ടുണ്ട്‌.

മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ വാരിയെടുക്കുന്ന ചെളി തോടുകളുടെ ഇരുകരകളിലുമായി നിക്ഷേപിക്കും. തൊഴിലുറപ്പിൽപ്പെടുത്തി കയർഭൂവസ്‌ത്രം വിരിക്കാനുള്ള പ്രവർത്തനങ്ങളും നടക്കും. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കൊടൂരാറിന്റെ ഭാഗമായ മണിപ്പുഴ തോട്‌ 6.80 ലക്ഷം രൂപ ചെലവഴിച്ച് ഇതിന്റെ ഭാഗമായി വൃത്തിയാക്കി.

102 പദ്ധതികൾ

പൂർത്തിയായത് : 15

പൂർത്തിയായത് ഇവിടെ

ചാലമറ്റം-വെള്ളാത്തോട്‌ (മേലുകാവ്‌), കോലോത്തുപറ-കാച്ചേരി തോട്‌ (മാഞ്ഞൂർ), മുള്ളംകുളം തോട്‌ (മാഞ്ഞൂർ), കാളത്തേരി-വടക്കേത്തോട്‌, കൊരട്ടിത്തോട്‌, പാറയിൽതോട്‌, പരമ്പന തോട്‌ (കല്ലറ), മണിപ്പുഴ തോട്‌ (കോട്ടയം), കോട്ടത്തോട്‌ (കുമരകം), ഇളയിടത്തുപാടത്തിനു ചുറ്റുമുള്ള തോട്‌ (നീണ്ടൂർ), കുടമാളൂർ--മാങ്ങാനം-അതിരമ്പുഴ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 110 പാടശേഖരം പദ്ധതിയും പൂർത്തിയായി.

4000 ഏക്കർ കൃഷിയോഗ്യമാക്കും

കോട്ടയത്തെ പ്രളയരഹിത ജില്ലയാക്കുകയാണ് ലക്ഷ്യം. ഒരേ സമയം കരയിലെയും തോടുകളിലെയും മാലിന്യം നീക്കും. 4800 കിലോമീറ്റർ ദൂരത്തിലെ തോടുകളും തെളിക്കുന്നതോടെ വെള്ളപ്പൊക്കമില്ലാതാകും. പ്രളയം വന്നാലും വെള്ളം കെട്ടി നിൽക്കാതെ ഒഴുകിപ്പോകും.പദ്ധതിയുടെ ഭാഗമായുള്ള ശില്പശാല നാളെ ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്യും. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയിലൂടെ 3000 കിലോമീറ്റർ തോട്‌ വൃത്തിയാക്കി. 3200 ഹെക്ടർ തരിശുപാടങ്ങൾ കൃഷിയോഗ്യമാക്കി. ഈ വർഷം 4000 ഏക്കറും അടുത്ത വർഷം 5000 ഏക്കറും കൃഷിയോഗ്യമാക്കുകയാണ് ലക്ഷ്യം.

കെ.അനിൽകുമാർ, (മീനച്ചിലാർ മീനന്തറയാർ കൊടുരാർ നദീപുനസംയോജന പദ്ധതി കോ-ഓർഡിനേറ്റർ )