കോട്ടയം : ഇവിടെ മധുരം കാട്ടി കെണി ഒരുക്കുകയാണ്. വിദ്യാർത്ഥികളെയും കൗമരക്കാരെയും വീഴ്ത്താൻ കഞ്ചാവ് മാഫിയയുടെ പുതിയ തന്ത്രം. കുട്ടികൾക്കിടയിൽ ഏറെ പ്രിയങ്കരമായ ചില മിഠായികളിൽ ലഹരി വസ്തുക്കൽ കലർത്തിയാണ് കുറവിലങ്ങാട് മേഖലയിൽ കഞ്ചാവ് മാഫിയയുടെ വിലസുന്നത്.
മിഠായികൾ കഴിച്ച കുട്ടികൾക്ക് തലകറക്കവും ചർദ്ദിയും അനുഭവപ്പെട്ടതോടെയാണ് സംശയം ബലപ്പെട്ടത്. പ്രധാനമായും ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളും കോളേജുകളും സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലെ കടകളിലാണ് ഇത്തരം മിഠായികൾ കടുതലായും വിൽക്കപ്പെടുന്നത്. ലഹരി പകരുന്നതിനാൽ കൂടുതൽ കുട്ടികൾ മിഠായിക്ക് ആവശ്യക്കാരായി എത്തുന്നുമുണ്ട്. മാർക്കറ്റിൽ സുലഭമായ പുതിയ ഇനം ചൂയിംഗത്തിലാണ് ലഹരി അടങ്ങിയതായി സംശയം ഉയർന്നിരിക്കുന്നത്. ഈ സംശയം അദ്ധ്യാപകരും രക്ഷാതാക്കളും പങ്കുവെയ്ക്കുന്നുണ്ട്. സ്കൂൾ വിദ്ധ്യാർത്ഥികൾക്കിടയിൽ മിഠായിയുടെ ഉപയോഗം വർദ്ധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അദ്ധ്യാപകരും രക്ഷിതാക്കളും രംഗത്തിറങ്ങുകയും ഇത്തരം മിഠായികൾ വിൽക്കരുതെന്ന് ചില വ്യാപാര സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ വർഷവും ഇത്തരം മിഠായികൾ വിപണിയിൽ എത്തിയിരുന്നു. അന്ന് പൊലീസിന്റെയും എക്‌സൈസ് വകുപ്പിന്റെയും നിർദേശത്തെ തുടർന്ന് ഇവയുടെ വിൽപ്പന നിർത്തിവച്ചിരുന്നു എന്നാൽ ഇപ്പോൾ അതേ ഉൽപ്പന്നം തന്നെ പുതിയ പേരിൽ മാർക്കറ്റിൽ എത്തിയിരിക്കുന്നത് ,പ്രധാനമായും സ്‌ക്കുളുകൾക്ക് അടുത്തായി പ്രവർത്തിക്കുന്ന ചെറുകിട കടകളിലാണ് ഇത്തരം മിഠായികൾ വിൽക്കുന്നത്.
പരാതിയിലും
നടപടിയില്ല
കേരളത്തിന്റെ പല ഭാഗത്തും ഇത്തരം മിഠായികളുടെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ അധികാരികൾക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായില്ല. ലഹരി മിഠായികൾക്കെതിരെ ജാഗ്രത വേണമെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് നൽകുന്ന അറിയിപ്പ്.