അടിമാലി: ഗോത്ര മേഖലയായ കുറത്തിക്കുടിയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട മുതുവാൻ കുടുംബങ്ങൾക്ക് തൊഴിലുറപ്പ് വേതനം ലഭിക്കുന്നില്ലെന്ന് പരാതി.അടിമാലി ഗ്രാമപഞ്ചായത്തിലെ ഒന്നാംവാർഡാണ് വിദൂര ആദിവാസി മേഖലയായ കുറത്തികുടി.ഇവിടെ നിന്നും അടിമാലി പഞ്ചായത്താസ്ഥാനത്തെത്തണമെങ്കിൽ മണിക്കൂറുകൾ ഏറെ വേണ്ടി വരും.കഴിഞ്ഞ കുറെ നാളുകളായി തങ്ങൾക്ക് തൊഴിലുറപ്പ് വേതനം ലഭിക്കുന്നില്ലെന്ന പരാതിയാണ് കുറത്തിയിലെ മുതുവാൻ കുടുംബങ്ങൾക്കുള്ളത്.മറ്റ് വരുമാനമാർഗ്ഗങ്ങൾ ഇല്ലാത്ത തങ്ങൾ തൊഴിലുറപ്പ് വേതനത്തെ ആശ്രയിച്ചാണ് മുമ്പോട്ട് പോയിരുന്നതെന്നും കുടുംബങ്ങൾ പറഞ്ഞു.തൊഴിലുറപ്പ് വേതനം തങ്ങളുടെ അക്കൗണ്ടുകളിൽ വന്നോ ഇല്ലയോ എന്നറിയാൻ ആദിവാസി കുടുംബങ്ങൾ പുറംലോകത്തെത്തുന്നത് കാട്ടനകൾ വിഹരിക്കുന്ന കാനനപാതയിലൂടെയാണ്.ഇരുമ്പുപാലത്ത് പ്രവർത്തിക്കുന്ന ബാങ്കിൽ എത്തിയ ശേഷം മുതുവാൻ കുടുംബങ്ങൾ നിരാശയോടെ മടങ്ങുകയാണ് പതിവ്.