മണിമല: കറിക്കാട്ടൂർ സി.സി.എം ഹയർസെക്കൻഡറി സ്കൂളിലെ പെൺകുട്ടികളുടെ ശൗചാലയത്തിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ ഓടിച്ചിട്ട് പിടിച്ചെങ്കിലും ഉന്നത ഇടപെടലിൽ വിട്ടയച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പൊലീസ് പോക്സോ ചുമത്തിയെങ്കിലും 'കാമറാമാൻ" കാണാമറയത്താണ്. പ്രതിയെ സംരക്ഷിക്കുകയാണെന്നാരോപിച്ച് സ്കൂൾ മാനേജ്മെന്റിനെതിരെയും പ്രതിഷേധം ശക്തമാണ്.

ദിവസങ്ങൾക്ക് മുൻപാണ് സംഭവം. സ്കൂളിൽ പെൺകുട്ടികളുടെ ശൗചാലയത്തിന്റെ പരിസരത്ത് ആരോ കറങ്ങുന്നുണ്ടെന്ന സംശയത്തെ തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ജാഗ്രതയിലായിരുന്നു. ശൗചാലയത്തിൽ സ്ഥാപിച്ച കാമറ തിരിച്ചെടുക്കാൻ മുഖം മറച്ച് എത്തിയപ്പോൾ ചാരുവേലി സ്വദേശി ടോം പിടിയിലാവുകയും ചെയ്തു. എന്നാൽ ഇയാളുടെ ബന്ധു ഇതേ സ്കൂളിലെ അദ്ധ്യാപികയും സഹോദരൻ മാനേജ്മെന്റിന്റെ സഭയിൽ പുരോഹിതനുമാണ്. പൊലീസ് എത്തി ഫോൺ പരിശോധിച്ചപ്പോൾ ഒന്നും കണ്ടില്ലെന്നു പറഞ്ഞ് ടോമിനെ വിട്ടയച്ചു. പരാതിപ്പെടാൻ മാനേജ്മെന്റും തയ്യാറായില്ല. ഇതിനിടെ ടോമിന്റെ ചിത്രം സഹിതം സംഭവം സോഷ്യൽ മീഡിയയിലും പ്രചരിച്ചു. വിവാദമായതോടെ പ്രതിഷേധവുമായി പി.ടി.എ രംഗത്തെത്തി. മണിമല പഞ്ചായത്തിലെ സി.പി.എം അംഗത്തിന്റെ ബന്ധുവാണ് ടോം. ഈ സ്വാധീനം ഉപയോഗിച്ച് ടോമിനെതിരെ പോക്സോ ചുമത്താതെ തടഞ്ഞെങ്കിലും പ്രതിഷേധത്തിന് മുന്നിൽ പിടിച്ചു നിൽക്കാതെ കഴിഞ്ഞ ദിവസം കേസെടുക്കുകയായിരുന്നു. എന്നാൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ടോമിന്റെ ഫോൺ പിടിച്ചെടുത്ത് ദൃശ്യങ്ങൾ പരിശോധിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.