പാലാ : കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിന്റെ കിസ്ക്കോ ലാബുകൾ കേരളം മുഴുവൻ വ്യാപിപ്പിക്കാനുള്ള അനുമതിക്കായി സർക്കാരിനെ സമീപിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ജോർജ് സി. കാപ്പനും ഭരണസമിതി അംഗങ്ങളും പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ ഹൈടെക് സഹകരണ ബാങ്കുകളിൽ കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് എന്നും ഒന്നാമതാണ്. ആധുനിക സാങ്കേതിക വിദ്യയുടെ വികാസം സ്വാംശീകരിച്ച് അതിന്റെ ഗുണഫലം ജനങ്ങളിലേക്ക് കൈമാറാൻ ബാങ്ക് പ്രതിജ്ഞാബന്ധമാണ്. ഏതൊരു ബ്രാഞ്ചിലേയും ഇടപാടുകൾ മറ്റ് ബ്രാഞ്ചുകളിലൂടെ നടത്താൻ കഴിയുന്ന കോർ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ്, എസ്.എം.എസ് അലർട്ട് തുടങ്ങിയ സംവിധാനങ്ങൾക്ക് പുറമെ സഹകരണ മേഖലയിൽ താലൂക്കിലെ ആദ്യ എ.ടി.എം സേവനവും ജനങ്ങൾക്ക് നൽകാനായതിൽ അഭിമാനമുണ്ടെന്നും ഭരണസമിതിയംഗങ്ങൾ പറഞ്ഞു. നിത്യോപയാോഗ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വിപണനം ചെയ്യുന്ന കിസ്കോ മാർട്ട് മുതൽ 50 ശതമാനം വരെ വിലക്കുറവുള്ള മരുന്നുകൾ വിപണനം ചെയ്യുന്ന നീതി മെഡിക്കൽ സ്റ്റോർ വരെ 28 കിസ്ക്കോ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഒരു ദിവസം 450-500 പേരാണ് വിവിധ ടെസ്റ്റുകൾക്കായി പാലാ ഡയഗ്നോസ്റ്റിക് സെന്ററിൽ എത്തുന്നത്. കൃത്യതയാർന്ന പരിശോധനാ ഫലം ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കുന്നുവെന്നതാണ് കിസ്ക്കോ ഡയഗ്നോസ്റ്റിക് സെന്ററുകളെ ജനപ്രിയമാക്കുന്നത്. നിലവിലുള്ള ഡയഗ്നോസ്റ്റിക് സെന്ററിന് സമീപം ബാങ്കിന് സ്വന്തമായുള്ള 78 സെന്റ് സ്ഥലത്ത് വിശാലമായ പാർക്കിംഗ് സൗകര്യങ്ങളോടെ ഇരുനിലകളിലായി 15000 ച.അടി വിസ്തീർണമുള്ള കിസ്ക്കോ ഹെൽത്ത് കോംപ്ലക്സ് മന്ദിരം നിർമ്മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
25 ന് രാവിലെ 11 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ജോർജ് സി. കാപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശിലാസ്ഥാപനം നടത്തും. കേരളത്തിൽ സഹകരണ മേഖലയ്ക്ക് നൽകിയ മികച്ച സംഭാവനക്ക് അംഗീകാരമായി ബി.പി. പിള്ളയെ മാണി സി. കാപ്പൻ എം.എൽ.എ ആദരിക്കും. തൊഴിലധിഷ്ഠിത മത്സര പരീക്ഷകളിൽ ഉദ്യോഗാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാനുള്ള പരിശീലനം നൽകിയ കിസ്ക്കോ-കരിയർ ഹൈറ്റ്സിനെ വി.എൻ. വാസവൻ ആദരിക്കും. വിഷവിമുക്തമായ പാലും പാലുല്പന്നങ്ങളുമായി കിസ്ക്കോ മിൽക്കിനെ ജനകീയമാക്കുന്നതിൽ നിസ്വാർത്ഥ സേവനം നൽകിക്കൊണ്ടിരിക്കുന്ന ജോജോ മാത്യു വടക്കേക്കുന്നേലിനെ ആർ. ചന്ദ്രശേഖരൻ ആദരിക്കും. പാലാ മുനിസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി, ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ (ജനറൽ) വി.പ്രസന്നകുമാർ എന്നിവർ സംസാരിക്കും.