എരുമേലി : നിരോധിത ലഹരിമരുന്നായ നൈട്രോസെപ്പാം ഗുളികകളും പത്ത് ഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. റാന്നി പഴവങ്ങാടി സ്വദേശി ശ്യാം (24),​ റാന്നി ഇടമൺ വട്ടമലയിൽ ജയ്‌സൺ (22) എന്നിവരാണ് അറസ്റ്റിലായത്. ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായിട്ടായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. പിടിയിലായ ശ്യാമിന് ഗുളികകൾ ലഭിച്ചത് മെഡിക്കൽ റപ്രസെന്റേറ്റിവ് വഴിയാണ്. ഒരു ഗുളികയ്ക്ക് 50 രൂപയാണ് ഈടാക്കിയിരുന്നത്. 10 ഗുളികകളാണ് കൈവശമുണ്ടായിരുന്നത്. ശബരിമല സീസണിനോട് അനുബന്ധിച്ച് കച്ചവടക്കാരെയും തീർത്ഥാടക വാഹനങ്ങളുടെ ഡ്രൈവർമാരെയും ലക്ഷ്യമാക്കിയാണ് കഞ്ചാവ് മയക്കുമരുന്നു ലോബി രംഗത്തുള്ളതെന്ന് എക്‌സൈസ് പറഞ്ഞു. ശ്യാമിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ജയ്സണെ ജാമ്യത്തിൽ വിട്ടു. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ജി.രാധാകൃഷ്ണപിള്ളയുടെ നിർദേശത്തെ തുടർന്നായിരുന്നു റെയ്ഡ്. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.അഭിലാഷ്,​ ഷാഡോ ടീം അംഗം മാമ്മൻ സാമുവൽ, പി.ആർ രതീഷ്,​ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഹാംലെറ്റ്, ടി.എ സമീർ, ആനന്ദ് ബാബു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.