ചങ്ങനാശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ സമ്മേളനം ഇന്നും നാളെയും ചങ്ങനാശേരിയിൽ വച്ച് നടക്കും. ഇന്ന് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം, വി.കെ.സി മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ, 10ന് സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തും.സംഘാടക സമിതി ചെയർമാൻ കെ.സി ജോസഫ് സ്വാഗതം പറയും. സമിതി ജില്ലാ സെക്രട്ടറി കെ.എസ് മണി പ്രവർത്തന റിപ്പോർട്ടും, സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. ജില്ലാ ട്രഷറർ പി.എ ഇർഷാദ് വരവ് ചെലവ് കണക്ക് അവതരിപ്പിക്കും. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എ.വി റസൽ, സംസ്ഥാന വൈസ് പ്രസിഡന്റ് വി പാപ്പച്ചൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വി ബൈജു, നഗരസഭാ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ ,ഏരിയാ പ്രസിഡന്റ് സുരേഷ് ബാബു എന്നിവർ സംസാരിക്കും. തുടർന്ന് പ്രതിനിധികളുടെ ചർച്ച ,പ്രമേയ അവതരണം, ഭാരവാഹി തിരഞ്ഞെടുപ്പ് എന്നിവ നടക്കും. നാളെ വൈകിട്ട് നാലിന് റെയിൽവേ ബൈപാസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലി നഗരം ചുറ്റി പൊതു സമ്മേളനം പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിൽ സമാപിക്കും. തുടർന്ന് ചേരുന്ന പൊതു സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി,വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ പ്രൊഫ.എം.ടി ജോസഫ് മുതിർന്ന വ്യാപാരികളെ ആദരിക്കും.