ഏറ്റുമാനൂർ: ശബരിമല ദർശനത്തിന് ശേഷം മടങ്ങിയ അയ്യപ്പൻമാർ സഞ്ചരിച്ച ടെമ്പോ ട്രാവലറും രണ്ടു കെ.എസ്.ആർ.ടി.സി ബസുകളും കൂട്ട്രയിടിച്ച് 23 യാത്രക്കാർക്ക് പരിക്കേറ്റു. വയനാട് സ്വദേശികളായ തീർത്ഥാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയും പിന്നാലെ മറ്റൊരു ബസ് ട്രാവലറിന്റെ പിന്നിലിടിക്കുകയുമായിരുന്നു. അപകടത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ കൂത്താട്ടുകുളം കോതക്കുന്നേൽ ചമ്പത്താൻ കരയിൽ അനിൽകുമാർ (44) , ട്രാവലർ ഡ്രൈവർ വയനാട് പഴുപ്പാന്തോട് അമ്പലമുക്ക് രാവുണ്ണി രതീഷ് (38), ട്രാവലറിലെ യാത്രക്കാരായ വയനാട് അമ്പലവയൽ കാരച്ചാൽ രാജീവ് (49), മിത്തൽ കേശവൻ ചെട്ടി (75), വയനാട് മുക്കാത്ത് പുത്തൂർ അപ്പുച്ചെട്ടി വിജയൻ (35) , പുൽപ്പള്ളി ആലുമ്മൂട്ടിൽ വിനയകുമാർ (35), വയനാട് നെന്മാറ കൊയിലാണ്ടി പുത്തൻപുരയിൽ ഗംഗാധരൻ (60), സുൽത്താൻ ബത്തേരി നെന്മേനി കാലായിപുര സുൽത്താൻ ബെത്തേരി രാധാകൃഷ്ണൻ (46), ഉത്തര (ഏഴ്), ദേവപ്രിയ (9) , നിരഞ്ജന (9), മുക്കുറ്റിക്കുന്ന് പുത്തൂർ നാരായണി (62), നെന്മേനി കാലായിപ്പുര രാധാകൃഷ്ണൻ ശരൺ (17), ലക്ഷ്മി പ്രിയ (ആറ്) , രഞ്ജിത്ത് (30) , വടക്കനാട് ഉണ്ണികൃഷ്ണൻ (59), കാരച്ചാൽ സജീവൻ , കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരൻ പത്രോസ് (65) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ മറ്റുള്ളവർ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി.
ഇന്നലെ വൈകിട്ട് മൂന്നരയോടെ എം.സി റോഡിൽ ഏറ്റുമാനൂർ തൂമ്പശ്ശേരിൽ വളവിന് സമീപമായിരുന്നു അപകടം. പതിനാറു പേരാണ് ടെമ്പോ ട്രാവലറിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്‌ടമായ ട്രാവലർ കൂത്താട്ടുകുളത്തു നിന്ന് കോട്ടയത്തിനു വരികയായിരുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ ഇടിക്കുകയായിരുന്നു. ഈ സമയം തിരുവല്ലയിൽ നിന്ന് പൊന്നാനിയിലേയ്‌ക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ട്രാവലറിന്റെ പിന്നിലും ഇടിച്ചു.
ട്രാവലറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. വണ്ടിയ്‌ക്കുള്ളിൽ കുടുങ്ങിയ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാർ പുറത്തെടുത്തു. ഡ്രൈവർ രതീഷിനെ അരമണിക്കൂറിനു ശേഷം അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് വണ്ടി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ബുധനാഴ്ചയാണ് ശബരിമല ദർശനത്തിനായി 15 അംഗ സംഘം പുറപ്പെട്ടത്. ഇന്നലെ രാവിലെ മലയിറങ്ങിയ ഇവർ പന്തളത്തെത്തി കൊട്ടാരവും കണ്ട് ക്ഷേത്രത്തിൽ തൊഴുതശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറെ നേരം എം.സി റോഡിലെ ഗതാഗതം തടസപ്പെട്ടു.