പൊൻകുന്നം: നഗരത്തിനു ചുറ്റുമുള്ള ഇടറോഡുകളിൽ വഴിവിളക്കുകൾ തെളിയാതായിട്ട് മാസങ്ങളായി. വൈദ്യുതി ബോർഡിലും പഞ്ചായത്ത് ഓഫീസിലുമായി നിരവധി പരാതികൾ നൽകിയെങ്കിലും പരിഹാരമായില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ശബരിമല തീർത്ഥാടനം തുടങ്ങിയതോടെ പ്രധാന പാതകളിൽ വാഹനത്തിരക്കായതിനാൽ കാൽനടയാത്രക്കാരടക്കം ചെറുപാതകളെയാണ് ആശ്രയിക്കുന്നത്. സന്ധ്യ ആയാൽ ഇത്തരം ഇടവഴികൾ ഇരുട്ടിലാണ്. ടൗൺഹാൾ റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, റോയൽ ബൈപാസ്, കോയിപ്പള്ളി റോഡ്, സബ്‌ ജയിൽ റോഡ്, അട്ടിക്കൽ-പഴയചന്ത, ആർ.ടി.ഓഫീസ്, 20-ാംമൈൽ തുടങ്ങിയ പാതകളിലൊന്നും വഴിവിളക്കുകൾ തെളിയുന്നില്ല. അയ്യപ്പന്മാരുടെ വാഹനങ്ങൾ ഇടമുറിയാതെ എത്തിത്തുടങ്ങിയതോടെ പ്രഭാതസവാരിക്കാരും പ്രധാനപാതകളെ ഒഴിവാക്കി ഇടറോഡുകളെയാണ് ആശ്രയിക്കുന്നത്. വഴിയാകെ പൊട്ടിപ്പൊളിഞ്ഞ് തകർന്നുകിടക്കുകയാണ്. ഇതിനിടെ വഴിവിളക്കുകൾ തെളിയാത്തത് കാൽ നടയാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നു. തെരുവുനായ്ക്കളുടേയും ഇഴജന്തുക്കളുടേയും ശല്യം വേറേയും. ഇരുചക്രവാഹനങ്ങളും മറ്റ് ചെറുവാഹനങ്ങളും ആശ്രയിക്കുന്ന ഇടറോഡുകൾ സഞ്ചാരയോഗ്യമാക്കി വഴിവിളക്കുകൾ തെളിക്കാനും നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

 ഇവിടെ വഴിവിളക്കുകൾ തെളിയുന്നില്ല

 ടൗൺഹാൾ റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, റോയൽ ബൈപാസ്, കോയിപ്പള്ളി റോഡ്, സബ്‌ ജയിൽ റോഡ്, അട്ടിക്കൽ-പഴയചന്ത, ആർ.ടി.ഓഫീസ്, 20-ാംമൈൽ

 പ്രശ്നങ്ങൾ തീരുന്നില്ല

 റോഡുകൾ തകർന്നു

 ഇഴജന്തുശല്യം രൂക്ഷം

 തെരുവുനായകളും ഭീഷണി

 പരാതികൾ നൽകിയെങ്കിലും പരിഹാരമായില്ലെന്ന് നാട്ടുകാർ