കോട്ടയം : ലൂർദ്ദ് ഫൊറോന ഇടവക പുനർനിർമ്മിച്ച ദേവാലയത്തിന്റെ കൂദാശ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും.
28 മുതൽ ഡിസംബർ 1 വരെ പരിശുദ്ധ ലൂർദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷിക്കും. ഡിസംബർ 1 ന് ഇടവകയുടെ ശതാബ്ദി വർഷ ആഘോഷങ്ങളുടെ ഉദ്ഘാടനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. കൂദാശ കർമ്മത്തിന് മാർ ജോസഫ് പെരുന്തോട്ടം നേതൃത്വം നൽകും. 5.30 ന് സ്‌നേഹസംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ഡോ.തോമസ് മാർ തീമോത്തിയോസ്, ഡോ.യുഹാന്നോൻ മാർ ഡിയാസ്‌കോറസ്,ഡോ.തോമസ് കെ. ഉമ്മൻ, ഡോ.ഗ്രിഗോറിയോസ് മാർ സ്‌തെഫാനോസ്, പ്രജ്ഞാനന്ദ തീർത്ഥപാദ സ്വാമി, ഇമാം എ.പി.ശിഫാർ അൽ കൗസരി, ഫാ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ, ഫാ. ജോൺ ചേന്നാകുഴി. എം.പിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, ജോസ് കെ. മാണി, എന്നിവർ ആശംസകൾ നേരും.
24 രാവിലെ 7 ന് പുതിയ പള്ളിയുടെ ആദ്യത്തെ കുർബാന. 28 ന് ലൂർദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷത്തിന് തുടക്കമാകും. ഉച്ചകഴിഞ്ഞ് 4 ന് മാർ ജോസഫ് പൗവ്വത്തിൽ പുതിയ കൊടിമരത്തിന്റെ വെഞ്ചരിപ്പ് നടത്തും. ഡിസംബർ 1ന് രാവിലെ 8 ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന കുർബാനയിൽ 250 ഓളം കുട്ടികൾ ആദ്യ കുർബാന സ്വീകരിക്കും. ലൂർദ്ദ് ഇടവകയുടെ ഒരു വർഷത്തെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും നടക്കും. കളക്ടറേറ്റിന് എതിർവശത്ത് 13000 ചതുരശ്ര അടി വിസ്തൃതിയിൽ റോമൻ വാസ്തുശൈലിയിലാണ് ദേവാലയം.