കോട്ടയം : എംസി റോഡിൽ നീലിമംഗലത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് രണ്ട് കാറുകളിലും രണ്ട് പിക്കപ്പ് ഓട്ടോറിക്ഷയിലും ഒരു മീൻ വണ്ടിയിലും ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഡെൻഹാൻ ബസാണ് അപകടത്തിൽപ്പെട്ടത്. കുമാരനല്ലൂർ ഭാഗത്തു നിന്നു എത്തിയ ബസ് നിയന്ത്രണം വിട്ട് ആദ്യം ബൈക്കുമായി എത്തിയ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് തെന്നിനീങ്ങിയ പിക്കപ്പ് വാൻ, മറ്റൊരു കാറിൽ ഇടിച്ചു. കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു പിക്കപ്പിലും, പിക്കപ്പ് വാൻ മീൻ വണ്ടിയിലും ഇടിക്കുകയായിരുന്നു. റോയൽ ബജാജ് ഷോറൂമിലേക്കുള്ള ബൈക്കുകളാണ് പിക്ക് അപ്പ് വാനിൽ ഉണ്ടായിരുന്നത്. അപകടത്തെതുടർന്ന് എം.സി റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. പൊലീസെത്തിയാണ് ഗതാഗതക്കുരുക്കഴിച്ചത്.