പാലാ : കാടും പടലും പൊത്തുമുള്ള വിദ്യാലയങ്ങൾ തപ്പി നടക്കാൻ തുടങ്ങിയ അധികാരികളെ, നിങ്ങൾ പാലാ ടൗണിലേക്കു വരൂ. കുറെ പിഞ്ചുകുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന അംഗൻവാടി കാണാം. പകൽ പോലും ഇഴജന്തുക്കൾ സ്വൈര്യവിഹാരം നടത്തുന്നതിന് അടുത്തുള്ള ഒരു അംഗൻവാടി. പാലാ സബ്‌ജയിലിന് എതിർവശം ബി.ആർ.സി കെട്ടിടത്തോടു ചേർന്നു പ്രവർത്തിക്കുന്ന അംഗൻവാടിയുടെ ചുറ്റുവട്ടമാണ് കാടുകയറി കിടക്കുന്നത്. 15 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സമീപം സ്ഥിതി ചെയ്യുന്ന കുടിവെള്ള ടാങ്ക് മുഴുവൻ കാടുംപടലവും കൊണ്ട് മൂടിയിരിക്കുകയാണ്. പകൽ രാത്രി ഭേദമില്ലാതെ ഇവിടുത്തെ ജനലുകൾ തുറന്നു കിടക്കുകയാണ്. തൊട്ടടുത്തുള്ള ഭരണസിരാകേന്ദ്രമായ സിവിൽ സ്റ്റേഷനിൽ നിന്നു നോക്കിയാൽ ഇവിടുത്തെ ദുരവസ്ഥ നേരിൽ കാണാമെങ്കിലും വിദ്യാഭ്യാസ റവന്യൂ അധികാരികളുടെ 'നോട്ടം' ഇവിടേക്കെത്തിയിട്ടേയില്ല. അടിക്കടി ദുരന്തങ്ങൾ സംഭവിക്കുന്ന പശ്ചാത്തലത്തിൽ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കാടുപിടിച്ച ഈ അംഗൻവാടിയുടെ പരിസരം എത്രയും വേഗം ശുചീകരണം നടത്തണമെന്നാണ് നഗരവാസികളുടെ ആവശ്യം.