വൈക്കം: അഷ്ടമി സമാപനത്തിന്റെ വിശിഷ്ട ചടങ്ങായ മുക്കുടി നിവേദ്യം ഇന്നലെ നടന്നു. തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, ചെറിയ നാരായണൻ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു മുക്കുടി നിവേദ്യം. ഉത്സവാഘോഷത്തിന്റെ ഭാഗമായി പതിമൂന്ന് ദിവസത്തെ നിത്യനിദാനം ഉൾപ്പെടെയുള്ള പൂജ ക്രമങ്ങൾ മൂലം വന്നുപെട്ടേക്കാവുന്ന രോഗാവസ്ഥയ്ക്ക് പ്രതിവിധിയായി ഭഗവാന് ചെയ്യുന്ന നിവേദ്യമാണ് മുക്കുടി. അവകാശിയായ വെള്ളോട്ടല്ലത്ത് മൂസത് അതീവ രഹസ്യങ്ങളായ ചില ഔഷധ കൂട്ടുകൾ ഉപയോഗിച്ചാണ് മുക്കുടി തയ്യറാക്കുന്നത്. വൈക്കത്തപ്പന്റ സോപാനത്തിൽ സമർപ്പിക്കുന്ന ഔഷധം തിടപ്പള്ളിയിൽ വച്ച് ശുദ്ധമായ മോരിൽ തയാറാക്കി ഉച്ചപൂജയുടെ പ്രസന്ന പൂജയ്ക്കാണ് നേദിക്കുന്നത്. മുക്കുടി ഭഗവാന് നിവേദിച്ച ശേഷം പ്രസാദമായി ഭക്തർക്ക് നല്കി.