vayo

പാലാ : ആരോരും ആശ്രയമില്ലാതെ ഉറുമ്പരിച്ചു അവശനിലയിൽ കിടന്ന അന്ധയായ 85കാരിയെ സംരക്ഷണ കേന്ദ്രത്തിലാക്കി പാലാ പൊലീസിന്റെ നന്മമനസ്. അന്ത്യാളം കുന്നിൻ വളവിലെ ഒറ്റമുറിയുള്ള കൊച്ചുവീട്ടിൽ മരണം കാത്തു കിടന്ന ഉറുമ്പിൽ ത്രേസ്യാമ്മയെ ആണ് ഇന്നലെ വൈകിട്ടോടെ പൊലീസെത്തി മരിയാസദൻ അനാഥ സംരക്ഷണ കേന്ദ്രത്തിലെത്തിച്ചത്. ജന്മനാ അന്ധയായ ത്രേസ്യാമ്മ ഒറ്റയ്ക്കായിരുന്നു വീട്ടിൽ താമസം. ഏക മകളെ കൊല്ലത്ത് വിവാഹം കഴിച്ചയച്ചിരുന്നു. അടുപ്പിൽ തീ കൂട്ടാനും ഭക്ഷണം പാകം ചെയ്യാനും തുണിയലക്കാനും കുളിക്കാനുമൊക്കെ മനക്കണ്ണിന്റെ വെളിച്ചം മാത്രമായിരുന്നൂ ത്രേസ്യാമ്മയ്ക്ക് തുണ. അടുത്ത കാലം വരെ വടിയും കുത്തി ഇവർ പള്ളിയിൽ പോയിരുന്നു. ഇടയ്ക്കിടെ മകൾ വീട്ടിലെത്തി ഒപ്പം പോരാൻ വിളിച്ചിരുന്നെങ്കിലും അന്ത്യാളം വിട്ടു പോകാൻ ത്രേസ്യാമ്മ താത്പര്യപ്പെട്ടില്ല.
ഒരാഴ്ചയായി ത്രേസ്യയെ പുറത്തു കാണാതായതോടെയാണ് അയൽവാസികൾ തിരിക്കിയെത്തിയത്. വിവരമറിഞ്ഞ് ജനമൈത്രി പൊലീസ് സി.ആർ.ഒയും ആയ എ.എസ്.ഐ യുമായ ബിനോയിയും വീട്ടിലെത്തി. പാലാ എസ്.ഐ കുര്യാക്കോസിനെയും ബിനോയി വിവരമറിയിച്ചു. തുടർന്ന് എസ്.ഐ , ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രഭു കെ. ശിവറാം, ജോസ് കുര്യൻ, ജനമൈത്രി പൊലീസ് ജനസമിതി അംഗം കെ.ആർ.സൂരജ് എന്നിവർ വീട് തുറന്ന് നടത്തിയ പരിശോധനയിലാണ് അവശനിലയിൽ ത്രേസ്യാമ്മയെ കണ്ടത്. ഉടൻ പാലാ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി മരിയ സദനിലേക്ക് മാറ്റുകയായിരുന്നു. ത്രേസ്യാമ്മയുടെ ചികിത്സാപരിചരണം ഏറ്റെടുക്കാമെന്ന് മരിയാ സദൻ ഡയറക്ടർ
സന്തോഷ് ജോസഫും ഭാര്യ മിനി സന്തോഷും പൊലീസിന് ഉറപ്പു നൽകി. ജോസ്. കെ. മാണി എം.പി, മാണി. സി. കാപ്പൻ എം.എൽ. എ, നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ എന്നിവർ പൊലീസിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചു.