കോട്ടയം : വയനാട് ബത്തേരിയിൽ ക്ലാസ് മുറിയിൽ പാമ്പ്കടിയേറ്റു മരിച്ച ഷഹ്‌ലയ്‌ക്കു വേണ്ടി മെഴുകുതിരി തെളിയിച്ച് പ്രാർത്ഥിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതിന് പകരം ഒരു കുട്ടിയും ഇനി ഇത്തരത്തിൽ അപകടത്തിൽപ്പെടരുതെന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ് കോട്ടയം പാർലമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തനങ്ങാടി സെന്റ് തോമസ് ഗേൾസ് ഹൈസ്‌കൂളും പരിസരവും വൃത്തിയാക്കി. കാട് വെട്ടിത്തെളിച്ച് സ്‌കൂൾ പരിസരത്തെ ഓടും ഇഷ്ടികയും മാറ്റിയശേഷം അപകടകമായ സാഹചര്യം പൂർണമായും ഒഴിവാക്കി. സ്‌കൂൾ മൈതാനത്തെ ചെറിയ കുഴികൾ സിമന്റും കല്ലും മണ്ണും ഇട്ട് മൂടി ക്ഷുദ്രജീവികൾ എത്തുന്നില്ലെന്ന് ഉറപ്പാക്കി. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി രാത്രി വൈകിയാണ് പ്രവർത്തകർ മടങ്ങിയത്. പാർലമെന്റ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ടോം കോര അഞ്ചേരിൽ, ജിതിൻ നാട്ടകം, അനൂപ് അബൂബക്കർ, അജീഷ് വിജയപുരം, രാജ്‌മോൻ ഒറ്റാത്തിൽ, അനീഷ് വരമ്പിനകം, അജീഷ്, മാർട്ടിൻ തോമസ്, അർജുൻ കെ.എസ് എന്നിവർ നേതൃത്വം നൽകി.