കാഞ്ഞിരപ്പള്ളി : ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. എൻ ജയരാജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അയ്മനം ബാബു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ലിസമ്മ ബേബി, സഖറിയാസ് കുതിരവേലിൽ, അനിത രാജു, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായർ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നാസർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബാലതാരം മീനാക്ഷി വിശിഷ്ടാതിഥിയായി. പേട്ട ഗവ.യു.പി സ്‌കൂളിൽ നിന്ന് ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര ജില്ലാ കളക്ടർ പി.കെ.സുധീർബാബു ഫ്ലാഗ് ഒഫ് ചെയ്തു. 90 ഇനങ്ങളിലാണ് മത്സരം. എ.കെ.ജെ.എം സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ, സെന്റ് ഡൊമിനിക് കോളേജ് മൈതാനം, കുന്നുംഭാഗം ഗവ.സ്‌കൂൾ മൈതാനം എന്നിവയാണ് പ്രധാന വേദികൾ. നാളെ പേട്ടക്കവല തോംസൺ മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.