ചങ്ങനാശേരി : ജീവിതമാണ് ലഹരിയാക്കേണ്ടതെന്നും നമ്മൾ കണ്ടെത്തുന്ന കൃത്രിമ ലഹരികൾ ജീവിതത്തെ നശിപ്പിക്കുമെന്നും എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സജീവ് എം.ജോൺ പറഞ്ഞു. കേരളകൗമുദിയും കൊച്ചിൻഷിപ്പ്‌യാർഡും എക്‌സൈസും, ഇത്തിത്താനം ഹയർസെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡും, എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നടപ്പാക്കിയ ബോധപൗർണമി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോത്തിനു കാരണം ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ധാരണയില്ലാത്തതാണ്. പണവും മോഹന വാഗ്ദാനങ്ങളും നൽകി ലഹരിക്ക് വിദ്യാർത്ഥികളെ അടിമകളാക്കി അതിലൂടെ വൻ ലാഭമാണ് ലഹരി മാഫിയകൾ കൊയ്യുന്നത്. അറിയാതെ ഒരു തവണ കെണിയിലകപ്പെടുന്നവർ തിരിച്ചു കയറാനാകാതെ നാശത്തിലേക്ക് എത്തിച്ചേരും. പാൻമസാല ഉപയോഗത്തിലൂടെ കാൻസറിന് അടിമയാകുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. രാജ്യത്തിനും സമൂഹത്തിനും ആരോഗ്യമുള്ള തലമുറകൾ ഉണ്ടാവണമെങ്കിൽ ലഹരിയെന്ന വിപത്ത് സമൂഹത്തിൽ നിന്നു തുടച്ചു മാറ്റണം. ലഹരി കിട്ടാതെ വരുമ്പോൾ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും അക്രമണങ്ങളിലും ഏർപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. സാമൂഹ്യ പ്രതിബദ്ധതയോടെ ഓരോ വിദ്യാർത്ഥികളും ലഹരിക്കെതിരെ പോരാടണണമെന്നും അദ്ദേഹം പറഞ്ഞു.