മുണ്ടക്കയം : അറവുശാലയിലേയ്‌ക്ക് എത്തിച്ച പോത്ത് വിരണ്ടോടി മൂന്നുപേർക്ക് പരിക്കേറ്റു. കൂട്ടിക്കൽ കാവാലി കാരക്കാട്ട് ജിസ്വിൻ(20) കൂട്ടിക്കൽ, താളുങ്കൽ,വേലംപറമ്പിൽ അർജുൻ(20) എന്നിവർക്കാണ് പരിക്കേറ്റത്. കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്‌കൂളിന്റെ മൈതാനത്തേയ്‌ക്ക് ഓടിക്കയറിയ പോത്ത് ഒരു വിദ്യാർത്ഥിനിയുടെ കൈയിൽ ഉരസി. കൂട്ടിക്കൽ ടൗണിനു സമീപം അറവുശാലയിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. താളുങ്കൽ റോഡിലൂടെ ഓടിയ പോത്ത് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ജിസ് വിന്റെ വലതുകാലിൽ വെട്ടുകയായിരുന്നു ഗുരുതരമായി പരിക്കേറ്റ ജിസ് വിനെ കോട്ടയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് മറിഞ്ഞാണ് ജിസ്‌വിനൊപ്പമുണ്ടായിരുന്ന അർജുനന് പരിക്കേറ്റത്. ഇയാളെ കാഞ്ഞിരപ്പളളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌കൂൾ വളപ്പിൽ നിന്നോടിയ പോത്തിനെ നാട്ടുകാർ പിൻതുടർന്നെങ്കിലും പിടികൂടാനായില്ല. പ്ലാപ്പളളി എസ്റ്റേറ്റിൽ കയറിയതോടെ കാഞ്ഞിരപ്പളളിയിൽ നിന്നു അഗ്നിശമനസേനയും മുണ്ടക്കയം പൊലീസും സ്ഥലത്തെത്തി. കൂടുതൽ അക്രമാസക്തമാകാതിരിക്കാൻ നാട്ടുകാർ പോത്തിനെ വെടിവച്ചു വീഴ്ത്തി.