കോട്ടയം : മാനസികമായി വെല്ലുവിളി നേരിടുന്ന യുവതി മകളെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചു.
സൂര്യയെ കൊല്ലപ്പെട്ട വീട്ടിലും പരിസരത്തും ഫോറൻസിക് വിദഗ്ധർ ഇന്നലെ നടത്തിയ പരിശോധനയിലാണ് കൂടുതൽ തെളിവുകൾ ലഭിച്ചത്. വിരലടയാളവും മറ്റും തെളിവുകളുമാണ് ശേഖരിച്ചത്. സയന്റിഫിക് വിദഗ്ധ സ്മിത എസ്.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സൂര്യയെ കൊന്നത് താൻ തന്നെയെന്ന് അമ്മ സാലി നേരത്തെ സമ്മതിച്ചിരുന്നു. കൊല്ലാൻ ഉപയോഗിച്ച ഷാളും പൊലീസിന് നേരത്തെ കിട്ടിയിരുന്നു. ശ്വാസം മുട്ടിയാണ് സൂര്യ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
അതേ സമയം, അമ്മ സാലിയെ (43) കോടതി റിമാൻഡ് ചെയ്ത് കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റി. മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധന നടത്തിയിരുന്നു. സാലിയുടെ ഭർത്താവ് എം.ജി കൊച്ചുരാമൻ ഈരാറ്റുപേട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് നാടിനെ നടക്കിയ കൊലപാതകം അരങ്ങേറിയത്. ഉഴവൂർ അരീക്കര ശ്രീനാരായണ യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു സൂര്യ.