കോട്ടയം : സുൽത്താൻ ബത്തേരിയിൽ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം വാർത്തയാകുമ്പോൾ ജില്ലയിലെ പല സ്‌കൂളുകളുടെയും അവസ്ഥ ഭയാനകമാണ്. ക്ലാസ് മുറികളുടെ തറകളിൽ പാമ്പുകൾക്ക് പാർക്കാവുന്ന പൊത്തുകളുള്ള നിരവധി സ്കൂളുകളാണുള്ളത്. സ്‌കൂളുകൾക്ക് സമീപത്തെ പൊന്തക്കാടുകളിലും പഴയ ബഞ്ചും ഡെസ്‌കുകളും സാധനങ്ങളും കൂട്ടിയിട്ടിരിക്കുന്ന മുറികളിലും പാമ്പിൻ ശല്യമുണ്ട്. കളിസ്ഥലങ്ങൾ കാടുമൂടിക്കിടക്കുന്നതും പാമ്പുകളുടെ സാന്നിദ്ധ്യത്തിനു കാരണമാണ്. മലയോര-പടിഞ്ഞാറൻ മേഖകളിലാണ് പാമ്പ് ശല്യം കൂടുതൽ.

പ്രളയത്തിൽ പാമ്പുകൾ കുത്തിയൊലിച്ചെത്തി

മഹാപ്രളയത്തിൽ വെള്ളം മാത്രമല്ല വനമേഖലയിൽ മാത്രം കാണുന്ന ഒട്ടേറെ പാമ്പുകളും നാട്ടിൻ പ്രദേശത്തെത്തി. പുഴയോരമേഖലകളിലും മറ്റും ഒട്ടേറെ അപരിചിത ഇനത്തിൽപെട്ട പാമ്പുകളെ കാണുന്നതായി നാട്ടുകാർ പറയുന്നു. പ്രളയത്തിൽ പുഴയോരത്തെയും സമീപ കുറ്റിക്കാടുകളിലെയും മാളങ്ങൾ പൂർണമായും നികന്ന സ്ഥിതിയാണ്. അതോടെ പാമ്പുകൾ പുറത്തുചാടുന്നതു പതിവായി. പ്രളയശേഷമുള്ള കാലാവസ്ഥാ വ്യതിയാനം ഇഴജന്തുക്കളെയടക്കം സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തരം വ്യതിയാനങ്ങൾ വഴി പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും വർദ്ധിക്കാൻ സാദ്ധ്യതയേറെയെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ദുരന്ത സാദ്ധ്യത മുന്നിൽ കണ്ട് സർക്കാർ ആശുപത്രികളിൽ പാമ്പുവിഷ ചികിത്സയ്ക്കുള്ള ആന്റിവെനം ഉറപ്പാക്കിയിട്ടുണ്ട്.

മഞ്ഞുകാലം പാമ്പ് കാലം

മഞ്ഞുകാലം പാമ്പുകളുടെ കാലമാണ്. ശരീരത്തിലെ താപനില കാത്തു സൂക്ഷിക്കാൻ പാമ്പുകൾ ചുരുണ്ടുകൂടി സുഖ സുഷുപ്തിയിലാകുന്ന സമയം. ഇതിനിടെ എന്തെങ്കിലും ശരീരത്തിന് നേരെ വന്നാൽ പാമ്പുകൾ ആഞ്ഞുകൊത്തും. കൊത്തലിന്റെ ശക്തിക്കനുസരിച്ച് പരമാവധി വിഷം കടിയേൽക്കുന്ന ആളുടെ ശരീരത്തിലെത്തും.ചുരുക്കത്തിൽ വേനൽച്ചൂടിനെക്കാൾ അപകടകരമാണ് മഞ്ഞുകാലത്തെ പാമ്പുകടിയെന്ന് ഡോക്ടർമാർ പറയുന്നു. ശീത രക്തജീവിയായ പാമ്പുകൾ തണുപ്പുകാലത്ത് ശരീരോഷ്മാവ് നിലനിറുത്താൻ മാളത്തിനുള്ളിലും മറ്റും ചുരുണ്ടുകൂടി കിടക്കും.

പേടിക്കണം ഈ സമയം

മങ്ങിയ വെളിച്ചമുള്ള സന്ധ്യാസമയവും അതിരാവിലെയും

ആൾ സഞ്ചാരം കുറയുന്നതിനാൽ സന്ധ്യയ്ക്ക് ഇരതേടിയിറങ്ങും

 ഇര പിടിച്ചശേഷം രാവിലെയോടെ തിരിച്ചുമാളത്തിലെത്തും

 ഈ രണ്ടു സമയത്തും മുന്നിൽപ്പെടുന്ന ആരെയും സ്വരക്ഷയ്ക്കായി കടിക്കും

11 മാസം : പാമ്പ് കടിയേറ്റത് 117 പേർക്ക്‌