കോട്ടയം : ആഹാരവും ഓൺലൈനിലായതോടെ ഹോട്ടൽ വ്യവസായ മേഖല വൻപ്രതിസന്ധിയിൽ. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം മൂലം പ്രതിസന്ധിയിലായ ഹോട്ടലുകൾക്ക് മറ്രൊരു തിരിച്ചടിയായി മാറി ഓൺലൈൻ ഭക്ഷണവിതരണ ശൃംഖല. ഒരു വർഷം മുൻപാണ് ജില്ലയിൽ മൂന്ന് സ്വകാര്യ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികൾ പിടിമുറുക്കുന്നത്. 50 ഹോട്ടലുകളാണ് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ അംഗങ്ങളായുള്ളത്. ഇതിൽ അഞ്ചു ശതമാനമാണ് ഓൺലൈനുമായി സഹകരിക്കുന്നത്. അസോസിയേഷന്റെ ഭാഗമല്ലാത്ത ആയിരത്തോളം ഹോട്ടലുകൾ ജില്ലയിലുണ്ട്. ഇവരിൽ നിന്നും ഓൺലൈൻ കമ്പനികൾ ഭക്ഷണം വാങ്ങുന്നുണ്ട്.
മൂന്ന് ഓൺലൈൻ കമ്പനികൾക്കുമായി ജില്ലയിൽ 75 ഏജന്റുമാരാണുള്ളത്. ബൈക്കിൽ ഭക്ഷണവുമായി വീട്ടിൽ എത്തുന്ന ഇവർ ജില്ലയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കോട്ടയം നഗരത്തിലെ ഹോട്ടലുകൾ സഹകരിക്കാത്തതിനാൽ ഏറ്റുമാനൂരിൽ നിന്നും ഗ്രാമീണ മേഖലയിലെ ഹോട്ടലുകളിൽ നിന്നും ഇവർ ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്.
കച്ചവടം താഴേക്ക്
ഹോട്ടലുകളിലെ കച്ചവടം കുറയുന്നത് തങ്ങളെ മാത്രമല്ല അനുബന്ധ മേഖലകളെയും ബാധിക്കുന്നതായി അസോസിയേഷൻ ആരോപിക്കുന്നു. ഹോട്ടലിൽ എത്തി വൈകുന്നേരങ്ങളിൽ ഭക്ഷണം കഴിച്ച ശേഷം ഇറങ്ങുന്ന കുടുംബം സ്വാഭാവികമായി സമീപത്തെ കടകളിൽ കയറി ഷോപ്പിംഗ് നടത്തുന്നവരാണ്. എല്ലാം ഓൺലൈൻ ആയതോടെ ഈ ഇടപാടുകൾ പൂർണമായും ഇല്ലാതെയായി.
ഓൺലൈനെതിരായ വാദങ്ങൾ
ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നത് കുറയും. വ്യവസായ മേഖല തളരും
ഓൺലൈൻ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ സാധിക്കുന്നില്ല
ഭക്ഷണത്തെ സംബന്ധിച്ചുള്ള പരാതി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നൽകാനാവില്ല
850 ഹോട്ടലുകൾ : അസോസിയേഷൻ അംഗത്വമുള്ളത്
പ്രതിസന്ധി വർദ്ധിക്കുന്നു
അവശ്യസാധനങ്ങളുടെ വില വർദ്ധനവിന് പിന്നാലെ ഓൺലൈൻ ഭക്ഷണ വിതരണം കൂടി എത്തിയതോടെ ഹോട്ടലുകൾ പ്രതിസന്ധിയിലാണ്. നികുതി അടച്ച ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് വലിയ വെല്ലുവിളിയാണ്. ലൈസൻസില്ലാത്ത വീട്ടിൽ ഊണുകളും, അനുവാദമില്ലാത്ത വഴിയോരക്കച്ചവട കേന്ദ്രങ്ങളും ഹോട്ടലുകൾക്ക് വൻ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.
എൻ.പ്രതീഷ്,ജില്ലാ സെക്രട്ടറി ഹോട്ടൽ
ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ