തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്‌കൂളിന് മുൻവശത്തുള്ള പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമായി. തലയോലപ്പറമ്പ് ബസ് സ്റ്റാന്റ് മുതൽ പഴമ്പെട്ടി വരെയുള്ള 4 കിലോമീറ്ററോളം വരുന്ന റോഡിന്റെ അറ്റകുറ്റപണികൾ പൊതുമരാമത്ത് വകുപ്പ് ഇന്നലെ മുതൽ ആരംഭിച്ചതോടെയാണ് നാട്ടുകാരുടെ യാത്രാദുരിതത്തിന് ശാപമോക്ഷമാകുന്നത്.10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനം നടത്തുന്നത്. മൂന്നുവർഷത്തിലധികമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടന്നതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതപൂർണ്ണമായിരുന്നു. കുഴിയിൽ ചാടാതെ വെട്ടിക്കുന്നതിനിടെ വാഹനങ്ങൾ കുഴിയിൽ പതിഞ്ഞ് തകരാർ സംഭവിക്കുന്നത് പതിവായിരുന്നു. ജലവിതരണ പൈപ്പ് ലൈൻ നിരന്തരമായി പൊട്ടി വെള്ളം ശക്തമായി ഒഴുകുന്നതും ഈ ഭാഗത്ത് കാന ഇല്ലാത്തതിനാൽ പെയ്ത്ത് വെള്ളം റോഡിൽ കെട്ടി നിൽക്കുന്നതുമാണ് റോഡ് തകരാൻ പ്രധാനകാരണമായിരുന്നത്. തലയോലപ്പറമ്പ് കോരിക്കൽ റോഡിൽ തലയോലപ്പറമ്പ് ജംഗ്ഷനിൽ നിന്നും സ്‌കൂളിന്റെ പ്രവേശന കവാടത്തിന് മുന്നിലൂടെ കടന്ന് പോകുന്ന റോഡിന്റെ 200 മീറ്ററോളം വരുന്ന ഭാഗമാണ് കൂടുതൽ തകർന്നിരുന്നത്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ സ്‌കൂൾ കുട്ടികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിച്ചുവീഴുന്നതും പതിവായിരുന്നു. രണ്ട് വാഹനങ്ങൾ ഒരേ സമയം എതിരെ വന്നാൽ വീതി കുറഞ്ഞ റോഡിലൂടെ കാൽ നടയാത്ര പോലും ഏറെ ദുഷ്‌ക്കരമായിരുന്നു. കോരിക്കൽ, എഴുമാന്തുരുത്ത്, കല്ലറ, കോട്ടയം തുടങ്ങിയ വിവിധ ഇടങ്ങളിലേക്ക് സ്വകാര്യ ബസുകൾ ഉൾപ്പടെ നൂറ് കണക്കിന് വാഹനങ്ങൾ നിത്യേന പോകുന്ന റോഡ് സഞ്ചാര യോഗ്യമാക്കാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ പ്രദേശവാസികൾ സമരപരിപാടികൾ സംഘടിപ്പിക്കുവാനുള്ള നീക്കത്തിനിടെയാണ് ടെന്റർ നടപടികൾ പൂർത്തീകരിച്ച് പൊതുമരാമത്ത് വകുപ്പ് അധികൃതർ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത്.