പൊൻകുന്നം: ദേശീയപാതയിൽ കൊടുംവളവുകൾ ഏറെയുള്ള വാഴൂർ മേഖലയിലെ 18-ാം മൈലിൽ എട്ടിന്റെ പണിയൊരുക്കി ദേശീയപാതാ അതോറിട്ടി. അപകടസാദ്ധ്യത ഏറെയായതിനാൽ ഇവിടെ ഡിവൈഡറും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി റീ ടാറിംഗിനിടെ ദേശീയപാതാ അതോറിട്ടി ഈ ഡിവൈഡർ പൊളിച്ചുനീക്കി. ഇതോടെ അപകടസാദ്ധ്യത ഇരട്ടിയായിട്ടും ഒരു മുന്നറിയിപ്പ് ബോർഡുപോലും സ്ഥാപിച്ചിട്ടില്ല. ഡിവൈഡറിന്റെ ഇരുവശത്തുമുണ്ടായിരുന്ന റിഫ്ലക്ടിംഗ് ബോർഡുകളും എടുത്തുമാറ്റി. ഒരുവശം ഉയർന്ന തിട്ടായതിനാൽ വാഹനങ്ങൾക്ക് ദൂരക്കാഴ്ച കിട്ടാത്തതുകൊണ്ടാണ് ഡിവൈഡർ സ്ഥാപിച്ച് റോഡ് തിരിച്ചത്. ശബരിമല തീർത്ഥാടനകാലത്ത് അന്യദേശങ്ങളിൽനിന്നെത്തുന്നത് അപരിചിതരായ ഡ്രൈവർമാരായതിനാൽ അപകട സാദ്ധ്യത ഏറെയാണെന്നും എത്രയും വേഗം ഡിവൈഡർ പുനസ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ല. ഡിവൈഡർ പൊളിച്ച് നീക്കിയിട്ടില്ലെന്നും റീ ടാറിംഗിന്റെ ഭാഗമായി വൃത്തിയാക്കുക മാത്രമാണ് ചെയ്തത് എന്നാണ് ദേശീയ പാതാ അതോറിട്ടിയുടെ വിശദീകരണം. അതുകൊണ്ടുതന്നെ ഡിവൈഡർ പണിയുക എന്നത് ആലോചനയിൽ ഇല്ല. ഇതോടെ അപകടവളവുകളിൽ ഡിവൈഡർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് നാട്ടുകാർ
അപകടമേഖലയിലെ അപകടക്കെണി
പ്രദേശത്ത് അപകടങ്ങൾ പതിവാണ്. കഴിഞ്ഞദിവസം 19ാം മൈലിൽ ലോറി ബൈക്കിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റതാണ് മേഖലയിൽ ഉണ്ടായ ഒടുവിലത്തെ അപകടം. ഈ സാഹചര്യത്തിൽ ഡിവൈഡർ പൊളിച്ചുമാറ്റിയത് അപകസാദ്ധ്യത വർദ്ധിപ്പിക്കുന്നു
നാട്ടുകാർ പറയുന്നത്
ശബരിമല തീർത്ഥാടനകാലമായതിനാൽ റോഡിൽ വാഹനത്തിരക്കും കൂടുതലാണ്. വഴി പരിചിതമല്ലാത്ത ഡ്രൈവർമാരാണ് വരുന്നതിൽ ഏറെയും. ഡിവൈഡർ പുനസ്ഥാപിച്ചില്ലെങ്കിൽ വൻ അപകടങ്ങൾ ഉണ്ടായേക്കാം.
അധികൃതരുടെ മറുപടി
ഡിവൈഡർ പൊളിച്ചുനീക്കിയതല്ല. റീ ടാറിംഗിന്റെ ഭാഗമായി വൃത്തിയാക്കുക മാത്രമാണ് ചെയ്തത്.
ചിത്രവിവരണം----
ദേശീയപാതയിൽ 18ാം മൈലിലെ ഡിവൈർ പൊളിച്ചുമാറ്റിയ നിലയിൽ