t

പാലാ: തന്റെ ജീവിത വിജയവും സന്ദേശവും മാതാപിതാക്കളെ അനുസരിക്കലും കഠിനാദ്ധ്വാനവുമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 'എന്റെ റോൾ മോഡൽ അച്ഛനും അമ്മയുമാണ്. ഇന്നത്തെ സമൂഹത്തിൽ മൂല്യങ്ങൾ നശിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ജനങ്ങൾക്ക് സന്തോഷമില്ലാത്തത് .' അദ്ദേഹം തുടർന്നു. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന ആളുകളേയാണ് ഇന്നത്തെ സമൂഹത്തിനാവശ്യം: താൻ ദിനവും വീട്ടിലെ പണികൾ ചെയ്ത് പുഴ നീന്തിക്കടന്ന് പഠിച്ചവനാണ്.ഒരു രാഷ്ട്രീയക്കാരനേയും പിന്താങ്ങുന്ന സ്വഭാവം എനിക്കില്ല. തെറ്റായ കാര്യങ്ങൾ ചെയ്യാൻ പറഞ്ഞാൽ പറ്റില്ല എന്നു തന്നെ പറയും. മൂവായിരം കിലോമീറ്റർ ദൂരെ നിന്നു വന്ന് ജോലി ചെയ്യുന്ന തനിക്ക് കേരളത്തിലെ ഏതു ജില്ലയും ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
പതിമൂന്നാം വയസ്സിൽ നിങ്ങൾക്ക് ഗേൾഫ്രണ്ട് പോലും ഉണ്ടായിരുന്നില്ല; പക്ഷേ എനിക്ക് ആ പ്രായത്തിൽ ഭാര്യയുണ്ടായിരുന്നു.രാജസ്ഥാനിലെ ശൈശവ വിവാഹങ്ങളെ ചൂണ്ടിക്കാട്ടി തമാശ രൂപേണ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടിയിലേയും ജനങ്ങളിലേയും നല്ല ആളുകളുടേയും പിന്തുണ തനിക്കുണ്ട്. പൈസ കിട്ടിയാൽ സംതൃപ്തി കിട്ടില്ല നല്ല കാര്യം ചെയ്താൽ ബഹുമാനം കിട്ടും ഇപ്പോൾ നിങ്ങളുടെ ജീവിതത്തിലെ നിർണ്ണായക നിമിഷമാണ് ഭാവിയെപ്പറ്റി തീരുമാനിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 'വേദാന്ത ' യുടെ ആഭിമുഖ്യത്തിൽ സെന്റ് തോമസ് ട്രയിനിങ്ങ് കോളേജിൽ സംഘടിപ്പിച്ച നടന്ന ചടങ്ങിൽ , സ്‌കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷനായിരുന്നു. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ സെലിൻ ജോസഫ്,സ്‌കൂൾ പ്രിൻസിപ്പൽ മാത്യു എം.കുര്യാക്കോസ്, ഡോ.നിജോയ് പി.ജോസ്, പി.റ്റി.എ.പ്രസിഡന്റ് ബിനോയ് തോമസ്, വിദ്യാർത്ഥി പ്രതിനിധി മെൽബിൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.