കോട്ടയം : പാചകവാതക ഉപഭോക്താക്കളുടെ പാസ് ബുക്കിൽ സിലിൻഡറിന്റെ വിലയും ബിൽ നമ്പരും കൃത്യമായി രേഖപ്പെടുത്തണമെന്ന് നിർദ്ദേശം. കളക്ടറേറ്റിൽ ചേർന്ന എൽ.പി.ജി ഓപ്പൺ ഫോറത്തിൽ ഡെപ്യൂട്ടി കളക്ടർ മോൻസി. പി. അലക്‌സാണ്ടറാണ് ഏജൻസികൾക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. ബിൽ നൽകിയെന്ന് ഓയിൽ കമ്പനികൾ ഉറപ്പു വരുത്തണം. സിലിൻഡറിന്റെ വില മാസാരംഭത്തിൽ ഓയിൽ കമ്പനികൾ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർമാരെ അറിയിക്കണം

മറ്റ് തീരുമാനങ്ങൾ

ഗാർഹിക ആവശ്യത്തിനുള്ള ഗ്യാസ് ശവസംസ്‌കാരത്തിന് ഉപയോഗിക്കുന്നതായുള്ള പരാതിയിൽ പരിശോധന നടത്തുന്നതിന് പൊലീസ്, സിവിൽ സപ്ലൈസ് വകുപ്പുദ്യോഗസ്ഥരും ഓയിൽ കമ്പനി പ്രതിനിധികളും അടങ്ങുന്ന സംയുക്ത സ്‌ക്വാഡിന് രൂപം നൽകി

സിലിൻഡറുകൾ വീടുകളിൽ എത്തിച്ചു നൽകണം. റോഡരുകിലും കടകളിലും ഇറക്കി നൽകുന്നത് നിയമ വിരുദ്ധമാണ്. ഇപ്രകാരം വിതരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കും.

വിതരണത്തിലെ ക്രമക്കേടുകൾ, അമിത വില ഈടാക്കൽ, പിടിച്ചെടുത്ത സിലൻഡറുകൾ സൂക്ഷിക്കുന്നതിനുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികൾ ഫോറം ചർച്ച ചെയ്തു

താലൂക്ക് തലത്തിൽ പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നർദ്ദേശം നൽകി