കോട്ടയം : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കുന്ന ഇലക്ടേഴ്‌സ് വേരിഫിക്കേഷൻ പ്രോഗ്രാമിന്റെ (ഇ.വി.പി) പ്രവർത്തനങ്ങൾ ജില്ലയിൽ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. പാലാ പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർ പട്ടികയിലെ വ്യക്തിഗത വിവരങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ തിരുത്തുന്നതിന് സൗകര്യമൊരുക്കുന്ന പദ്ധതി ജില്ലയിലെ 38.83 ശതമാനം വോട്ടർമാരാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനതലത്തിൽ കോട്ടയം മൂന്നാം സ്ഥാനത്താണ്. ജില്ലയിലെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നും 30 നുള്ളിൽ വേരിഫിക്കേഷൻ പൂർത്തികരിക്കേണ്ട സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. nsvp.in എന്ന വെബ്‌സൈറ്റിലും voter helpline എന്ന മൊബൈൽ ആപ്ലിക്കേഷനിലും വേരിഫിക്കേഷൻ നടത്താം. ഇതിന് വോട്ടർ തിരിച്ചറിയൽ കാർഡിന്റെ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യണം. പേര്, ജനനത്തീയതി തുടങ്ങിയ വിവരങ്ങളും ഫോട്ടോയും പരിശോധിക്കാം. വിവരങ്ങളിലെ പിശകുകളും ഫോട്ടോയും മാറ്റുന്നതിന് സൗകര്യമുണ്ട്. തിരുത്തലുകൾ വരുത്തിയശേഷം ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യണം. ഈ സേവനം പ്രയോജനപ്പെടുത്തുന്നവർക്ക് സ്ഥിരമായ ലോഗിൻ സൗകര്യവും എസ്.എം.എസ് അലർട്ടും ലഭിക്കും. തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മൊബൈൽ ഫോണിലും ഈമെയിലിലും നൽകും. വോട്ടർമാരുടെ അറിവോടെയല്ലാതെ വോട്ടർ പട്ടികയിലെ വ്യക്തിഗത വിവരങ്ങൾ ഡിലീറ്റ് ചെയ്യാനാവില്ല. ഒരു കുടുംബത്തിലുള്ളവർക്ക് ഒരേ പോളിംഗ് സ്റ്റേഷനിൽ വോട്ടു ചെയ്യുന്നതിന് സൗകര്യമൊരുക്കാനും ഇ.വി.പി. സഹായകമാകും.