വൈക്കം: ഭക്തിസംഗീതത്തിന്റെ ഓളക്കുത്തുകൾ തീർത്ത ത്യാഗരാജ പഞ്ചരത്‌ന കീർത്തനാലാപനം സായി ഭക്തർക്ക് അവിസ്മരണീയ വിരുന്നായി. സത്യസായി ബാബയുടെ 94 ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വൈക്കം സത്യസായി സേവാ സമിതി നടത്തിയ സത്യസായി സംഗീതോത്സവത്തിന്റെ സമാപനം കുറിക്കുന്നതായിരുന്നു പഞ്ചരത്‌ന കീർത്തനാലാപനം. അഞ്ച് വ്യത്യസ്ത രാഗങ്ങളിൽ 50 ൽ പരം സംഗീതോപാസാകരും, താളവാദ്യവിദ്വാന്മാരും ചേർന്നൊരുക്കിയ താളരാഗ വിസ്മയം സത്യസായി സംഗീതോത്സവത്തിന്റെ പ്രൗഡിക്ക് മാറ്റുകൂട്ടി. ദീപാലങ്കാരങ്ങളും പുഷ്പാലങ്കാരങ്ങളും കൊണ്ട് മോടിപിടിപ്പിച്ചൊരുക്കിയ പ്രത്യേക വേദിയിലിലായിരുന്നു പ്രശസ്തരായ കലാകാരന്മാരുടെ നാദോപാസനയ്ക്ക് അരങ്ങൊരുങ്ങിയത്. രാവിലെ 10.30 ന് തുടങ്ങിയ കീർത്തനാലാപനത്തിൽ സംഗീതജ്ഞരായ, പ്രൊഫ. മാവേലിക്കര പി. സുബ്രഹ്മണ്യം, പ്രൊഫ. താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, വൈക്കം വാസുദേവൻ നമ്പൂതിരി, വെച്ചൂർ ശങ്കർ, വൈക്കം രാജമ്മാൾ, ഡോ. മാലിനി ഹരിഹരൻ, മാതംഗി സത്യമൂർത്തി, ഡോ. വൈക്കം വിജയലക്ഷ്മി, പ്രൊഫ. അമ്പലപ്പുഴ തുളസി, സാബു കോക്കാട്ട് , സൗമ്യ നിതീഷ് , നിരഞ്ജന പ്രമോദ്, എന്നിവർ സ്വരമാധുരിക്ക് നേതൃത്വം നൽകി.