പാലാ: ടൗണിന് നടുവിലെ അംഗൻവാടിയിൽ 'കാടുകയറിയത് ' പത്രവാർത്ത ആയപ്പോൾ അധികാരികൾ ' കണ്ടു. '. ഉടൻ കാടു തെളിക്കാൻ തീരുമാനമെടുത്തു. രണ്ട് മണിക്കൂറിനുള്ളിൽ നടപ്പാക്കുകയും ചെയ്തു.

പാലാ ടൗണിൽ ബി. ആർ. സി. ഓഫീസിനോടു ചേർന്നുള്ള അംഗൻവാടി പരിസരം കാടുപിടിച്ചു കിടക്കുന്നത് ഇന്നലെ 'കേരള കൗമുദി' റിപ്പോർട്ടു ചെയ്തിരുന്നു. 15 പിഞ്ചു കുട്ടികൾ പഠിക്കുന്ന ഇവിടെ പകൽ പോലും ഇഴജന്തുക്കളുടെ ശല്യമുള്ളതും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്ന് വിദ്യാഭ്യാസ റവന്യൂ അധികാരികളും , നഗരസഭാധികാരികളും അടിയന്തിരമായി പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. മുനിസിപ്പൽ കൗൺസിലറും മുൻ ചെയർപേഴ്‌സണുമായ ബിജി ജോജോ, രണ്ട് മണിക്കൂറിനുള്ളിൽ അംഗൻവാടി പരിസരം വൃത്തിയാക്കുമെന്ന് ഉറപ്പു നൽകി. തുടർന്ന് മുനിസിപ്പൽ എച്ച്. ഐ. രഞ്ജിത്തിന്റെ നേതൃത്വത്തിലെത്തിയ ആരോഗ്യ വിഭാഗം ജീവനക്കാർ വളരെ വേഗം അംഗൻവാടി പരിസരം വൃത്തിയാക്കി.