കോട്ടയം : തിരുനക്കരയിലെ ഓക്‌സിജിൻ ഡിജിറ്രൽ ഷോപ്പിലെ മോഷണവുമായി ബന്ധപ്പെട്ട് സൂത്രധാരനായ മൊബൈൽ ഫോൺ ഷോപ്പ് ഉടമ പിടിയിൽ. ബംഗളൂരു മുസ്ലിം കോളനിയിൽ ഷബാസി (27) നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. ഒക്ടോബർ ആദ്യവാരമാണ് ഷോപ്പിന്റെ ഷട്ടറിന്റെ വിടവിലൂടെ ഉള്ളിൽ കയറിയ മോഷ്ടാവ് 65 മൊബൈൽ ഫോണുകൾ കവർന്നത്. സംഭവ ദിവസം രാത്രിയിലെ മൊബൈൽ ഫോൺ കാളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ബംഗളൂരിവിൽ ഇരുന്ന് ഇയാൾ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. പ്രതികൾ ഉപയോഗിച്ച സിം കാർഡുകൾ വ്യാജ രേഖ ഉപയോഗിച്ച് എടുത്ത് നൽകിയത് ഷബാസാണെന്ന് സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തി. അഞ്ചംഗസംഘമായിരുന്നു മോഷണം നടത്തിയത്. ഇവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. സമാനരീതിയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സംഘം മോഷണം നടത്തിയതായി സൂചനയുണ്ട്. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു

പ്രത്യേക അന്വേഷണസംഘം. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, എസ്.ഐ വി.എസ് ഷിബുക്കുട്ടൻ, എ.എസ്.ഐ പി.എൻ മനോജ് , സിവിൽ പൊലീസ് ഓഫീസർമാരായ ബൈജു, ശ്യാം, സൈബർ സെല്ലിലെ സീനിയർ സി.പി.ഒ മനോജ് എന്നിവരാണ് ബംഗളൂരുവിൽ എത്തി പ്രതിയെ അറസ്റ്റ് ചെയ്‌തത്.