തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാകുന്നു. പദ്ധതിയുടെ ഭാഗമായി ആശുപത്രിയുടെ കെട്ടിടം നവീകരിച്ചു. 28 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതിപൂർത്തിയാക്കുന്നത്. 15.5 ലക്ഷം രൂപ എൻ ആർ എച്ച് എം വിഹിതവും 12.5 ലക്ഷം രൂപ ഗ്രാമ പഞ്ചായത്ത് വിഹിതവുമാണ് ഇതിനായി വിനിയോഗിച്ചത്. പി എച്ച് സി കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ പ്രദേശവാസികൾക്ക് സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ സാധിക്കും. മൂന്ന് ഡോക്ടർമാരുടെ സേവനം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇതോടെ ലഭ്യമാകും. നിലവിൽ ഒരു ഡോക്ടർ മാത്രമാണ് ഇവിടെ ഉള്ളത്. രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഡോക്ടറുടെ സേവനം ലഭിക്കും.
ഡോക്ടറെ കാണാൻ എത്തുന്ന രോഗിക്ക് ആദ്യം ഫ്രീ ചെക്ക് അപ്പ് ഉണ്ടാകും. നേഴ്‌സുമാർ രോഗിയുടെ ഭാരം, പൾസ്, രക്തസമ്മർദം എന്നിവ പരിശോധിച്ച ശേഷം ഡോക്ടറെ കാണാം. ശ്വാകോശ സംബന്ധമായ രോഗങ്ങളുടെ നിർണയം, പ്രാഥമിക ചികിത്സയും നൽകുന്ന ശ്വാസ് പദ്ധതി, മാനസികാരോഗ്യങ്ങളുടെ നിർണയം, പ്രാഥമിക ചികിത്സയും നൽകുന്ന ആശ്വാസ് പദ്ധതിയും ഇനി മുതൽ ഇവിടെ ലഭ്യമാകും. ഡോക്ടർമാർക്ക് പ്രത്യേകമായ ക്യാബിനുകൾ, ലാബ്, പ്രീ ചെക്കപ്പിന് വേണ്ട സൗകര്യം, കൗമാരക്കാർക്കുള്ള കൗൺസിലിംഗ് മുറി, ശിശു സൗഹൃദമായ പ്രതിരോധ കുത്തിവെയ്പ് മുറി എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. കൂടാതെ പൊതു ജന പങ്കാളിത്തത്തോകൂടി ഉദ്യാനം, വനിതാ സൗഹൃദ ടോയ്‌ലറ്റ്, കുട്ടികൾക്ക് പാർക്ക്, അക്വേറിയം, ടെലിവിഷൻ, ഇരിപ്പിടങ്ങൾ, കുടിവെള്ളം, വായന മൂല എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.