പാലാ : പാലാ ജനറൽ ആശുപത്രിയിലെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് സമീപവാസികളെ വിഷപ്പുക ശ്വസിപ്പിക്കുന്നാതായി പരാതി. ആശുപത്രിയിലെ ഭക്ഷണസാധനങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും തുണികളും ഉൾപ്പെടുന്ന മാലിന്യങ്ങളാണ് പുതുതായി നിർമ്മിക്കുന്ന മാലിന്യ പ്ലാന്റിന് സമീപം കൂട്ടിയിട്ട് കത്തിക്കുന്നതെന്നാണ് പരാതി.
ജനറൽ ആശുപത്രിയുടെ പുതിയ മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റിന് സമീപമാണ് മാലിന്യം കത്തിക്കുന്നത്. ഇവിടുത്തെ ആശുപത്രി മതിലും തകർന്നു കിടക്കുകയാണ്. കൽക്കെട്ടുകളിൽ വലിയ മരങ്ങൾ വളർന്നതാണ് മതിൽ തകരാൻ കാരണം. മതിലിടിഞ്ഞ ഭാഗത്തുകൂടി ആശുപത്രി പരിസരത്തെ പാതികത്തിയ പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും സമീപത്തെ പുരയിടത്തിലേക്ക് വൻതോതിൽ വീണുകിടക്കുകയാണ്. കൽക്കെട്ടിന് ഇടയിലൂടെ വളർന്നുനിൽക്കുന്ന വൻമരങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. സമീപവാസിയുടെ വീടിന് മുകളിലേക്കാണ് മരങ്ങൾ ചാഞ്ഞുനിൽക്കുന്നത്. നഗരസഭയിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിന് കർശനവിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. പ്ലാസ്റ്റിക് കത്തിക്കുന്നതിന് 25000 രൂപ പിഴയീടാക്കാനും തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ മേൽനോട്ടത്തിലുള്ള ജനറൽ ആശുപത്രിയിൽ യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ പ്ലാസ്റ്റിക് കത്തിച്ച് പരിസരവാസികളെ മാറാരോഗികളാക്കുന്ന നടപടി. ആശുപത്രിക്ക് മാലിന്യം കത്തിച്ച് പുക അന്തരീക്ഷത്തിലേക്ക് എത്തിച്ചു കളയുന്നതിനുള്ള ഇൻസിനിറേറ്റർ സംവിധാനം ഉണ്ടെങ്കിലും ഇത് പ്രവർത്തിപ്പിക്കാനും കാവൽനിൽക്കാനും ജീവനക്കാർ മെനക്കെടാത്തതാണ് മാലിന്യം കൂട്ടിയിട്ട് കത്തിക്കാൻ കാരണമെന്ന് അറിയുന്നു. ഇതിനെതിരെ ജനപ്രതിനിധികളുടെ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾക്ക് തയ്യാറെടുക്കുകയാണ് പരിസരവാസികൾ.
പരാതി നൽകിയിട്ടും നടപടിയില്ല
അമ്പതോളം കുടുംബങ്ങളും പാലാ സെന്റ് തോമസ് സ്‌കൂളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളും നിരവധി വ്യാപാരസ്ഥാപനങ്ങളും ക്ലിനിക്കുകളിലെത്തുന്നവരും വിഷപ്പുക ശ്വസിച്ചാണ് ഒരു വർഷത്തോളമായി കഴിയുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നം അധികൃതരെ മാസങ്ങൾക്ക് മുമ്പേ അറിയിച്ചിട്ടും നടപടികളില്ലാത്തതിനാൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. ആശുപത്രി അധികൃതരോട് നിരവധി തവണ പരാതി നൽകിയിട്ടും മാലിന്യം കത്തിക്കൽ യഥേഷ്ടം തുടരുകയാണ്. സമീപവാസികളായ 20 ഓളം പേർ ഒപ്പിട്ട് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു.