തലയോലപ്പറമ്പ്: നാഷണൽ പെർമിറ്റ് ലോറിയെ മറികടക്കുന്നതിനിടെ പിക്അപ് വാൻ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതി മരിച്ചു. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു.തലയോലപ്പറമ്പ് ഉമ്മാംകുന്ന് ചക്കുംകുഴി കരോട്ട് ദിലീഷിന്റെ ഭാര്യ നീലിമ (26) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ദിലീഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 മണിയോടെ പള്ളിക്കവല തലപ്പാറ റോഡിൽ ഇല്ലിത്തൊണ്ട് ജംഗ്ഷന് സമീപമാണ് അപകടം. എറണാകുളം ഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്നു പിക് അപ് വാൻ. നാഷണൽ പെർമിറ്റ് ലോറിയെ അമിതവേഗത്തിൽ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാൻ എതിരെ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇവരെ ഉടൻ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിക്അപ് വാൻ ഡ്രൈവർ എറണാകുളം പനങ്ങാട് താളികല്ലിങ്കൽ റോയി (45) നെ സാരമായ പരിക്കുകളോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്തുരുത്തിയിൽ നിന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി. തലയോലപ്പറമ്പ്എറണാകുളം റോഡിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു. ഏക മകൾ വൈഗ (തലയോലപ്പറമ്പ് ഗവ.എൽ പി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ).