പാലാ : പൊലീസിന്റെ നല്ല മനസിന് നന്ദി ചൊല്ലി ത്രേസ്യാമ്മ മുത്തശ്ശി യാത്രയായി. അന്ത്യാളം കുന്നിൻ വളവിലെ ഉറുമ്പിൽ വീട്ടിൽ അവശനിലയിൽ ഉറുമ്പരിച്ചുകിടന്ന അന്ധയായ ത്രേസ്യാമ്മയെ വെള്ളിയാഴ്ച വൈകിട്ട് പാലാ പൊലീസെത്തി ആദ്യം ജനറലാശുപത്രിയിലും തുടർന്ന് പാലാ മരിയ സദനത്തിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇക്കാര്യം ഇന്നലെ 'കേരള കൗമുദി' റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ പ്രായത്തിന്റെ അവശതകളിൽ വലഞ്ഞ് ഏറെ അവശയായിരുന്ന ത്രേസ്യാമ്മ ഇന്നലെ പുലർച്ചെ മരിയ സദനത്തിൽ വച്ച് മരണമടയുകയായിരുന്നു. പാലാ പൊലീസിന്റെ സേവനത്തെ ജില്ലാ പൊലീസ് മേധാവി ഉൾപ്പടെയുള്ള ഉന്നതർ അഭിനന്ദിച്ചിരുന്നു.ഇതിനിടെ അപ്രതീക്ഷിതമായി ഏവരേയും സങ്കടത്തിലാഴ്ത്തിയാണ് ത്രേസ്യാമ്മ മുത്തശ്ശിയുടെ വിടവാങ്ങൽ.