കോട്ടയം: നഗരത്തിലെ തട്ടുകടകളിൽ സുരക്ഷിതത്വമില്ലാതെ ഉപയോഗിക്കുന്നതിൽ ഏറെയും ഗാർഹിക പാചക വാതക സിലിണ്ടറുകൾ. റോഡരികിൽ അപകടകരമായ രീതിയിൽ ഗാർഹിക പാചക വാതക സിലണ്ടർ ഉപയോഗിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. അപകടകരമായ സാഹചര്യം കൺമുന്നിൽ കണ്ടിട്ടും പൊലീസും ഭക്ഷ്യസുരക്ഷാ സിവിൽ സപ്ലൈസ് വകുപ്പ് അധികൃതരും നടപടി സ്വീകരിക്കുന്നില്ല.
നഗരപരിധിയിൽ രണ്ടു കിലോമീറ്റിനുള്ളിൽ മാത്രം പന്ത്രണ്ടിലേറെ തട്ടുകടകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ തട്ടുകടകളിൽ പലതിലും ഉപയോഗിക്കുന്നത് ഗാർഹിക പാചകവാതക സിലിണ്ടറുകളാണ്. ഗാർഹിക സിലിണ്ടറും വ്യാവസായിക സിലിണ്ടറും തമ്മിൽ 250 മുതൽ 350 രൂപയുടെ വരെ വ്യത്യാസമുണ്ട്. രണ്ടാഴ്‌ചയ്‌ക്കിടെ ഗാർഹിക സിലിണ്ടറിനു മാത്രം 90 രൂപയാണ് വില വർദ്ധിച്ചത്. ഈ സാഹചര്യത്തിലാണ് പാചക വാതക സിലിണ്ടറിന്റെ പേരിൽ തട്ടിപ്പ് നടത്താൻ തട്ടുകടകൾ ഒരുങ്ങുന്നത്.
തട്ടിപ്പ് ഇങ്ങനെ
ഗാർഹിക സിലിണ്ടറുകൾ സൂക്ഷിക്കുന്നത് അപകടകരമായ സാഹചര്യത്തിൽ
ഗാർഹിക സിലിണ്ടറുകളിൽ നിന്നും വാണിജ്യസിലിണ്ടറിലേയ്‌ക്ക് വാതകം മാറ്റി നിറയ്‌ക്കുന്നു.
ഇതിനായി നഗരത്തിൽ തന്നെ പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു
ആധാർ കാർഡ് ഉപയോഗിച്ച് ഏജൻസികളിൽ നിന്നും നേരിട്ട് കുറ്റി വാങ്ങുന്നു
തട്ടിപ്പ് തടയാൻ നടപടി തയ്യാർ
പാചക വാതക ഉപഭോക്താക്കളുടെ പാസ് ബുക്കിൽ സിലിൻഡറിന്റെ വിലയും ബിൽ നമ്പരും കൃത്യമായി രേഖപ്പെടുത്തണം
വില രേഖപ്പെടുത്തിയ ബിൽ ഉപഭോക്താക്കൾക്ക് ഏജൻസികൾ നിർബന്ധമായും നൽകണം.
സിലിൻഡറിന്റെ വില മാസാരംഭത്തിൽതന്നെ ഓയിൽ കമ്പനികൾ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർമാരെ അറിയിക്കണം
പാചക വാതക സിലിൻഡറുകൾ വീടുകളിൽ എത്തിച്ചു നൽകണം.
റോഡരുകിലും കടകളിലും ഇറക്കി വെച്ചു നൽകുന്നത് നിയമ വിരുദ്ധമാണ്.