വൈക്കം: തലയാഴം പളളിയാട് മുഴുത്തുരുത്തിയിൽ അതുലിന് ഇനി ഇലക്ടോണിക് വീൽ ചെയറിൽ സഞ്ചരിക്കാം. പത്താം വയസിൽ ന്യുറോ മസ്‌കുലാർ രോഗം ബാധിച്ച് അരയ്ക്കു താഴെയും കൈകളും തളർന്നു പോയ 16 കാരനായ അമ്പാടിയെന്ന അതുലിന് സുമനസ്സുകളാണ് സ്വപ്ന സാക്ഷാത്ക്കാരം നൽകിയത്. ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.കെ.രഞ്ജിത്തിന്റെ ഫേസ്ബുക്കിലെ പോസ്റ്റ് വായിച്ച സുമനസുകൾ നൽകിയ സംഭാവനയായ 1.75 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ഇലക്ട്രോണിക് വീൽ ചെയർ ഇന്ന് അതുലിന് കൈമാറും.തലയാഴം പള്ളിയാട് മുഴുത്തുരുത്തിയിൽ കൂലിപ്പണിക്കാരനായ തങ്കച്ചന്റെയും രാജിമോളുടെയും മകനായ അതുൽ സ്‌കൂളിൽ നടന്നു പോയി പഠിച്ചിരുന്നു. പെട്ടെന്ന് രോഗം വന്ന് കൈകാലുകൾ തളരുകയായിരുന്നു. നന്നായി ചിത്രം വരയ്ക്കുന്ന അതുലിന് രണ്ട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ചിത്രകല പഠിക്കണം. ലോകത്തിന്റെ കാഴ്ചകൾ കാണാൻ പുറത്തിറങ്ങി സഞ്ചരിയ്ക്കണം. അതുലിന്റെ അവസ്ഥ ഫേസ്ബുക്ക് സുഹൃത്ത് മുഖേന അറിഞ്ഞ ജില്ലാ പഞ്ചായത്തംഗം കെ.കെ.രഞ്ജിത്ത് അതുലിനെ വീട്ടിലെത്തി കാണുകയും അവന്റെ ആഗ്രഹങ്ങൾ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും സമൂഹത്തെ അറിയിക്കുകയായിരുന്നു. അഭിഭാഷകനായ ബിജു ഗോപാൽ 2500 രൂപ നൽകിയതോടെയാണ് ഇതിനുള്ള ധനസമാഹരണം ആരംഭിച്ചത്. ഇതറിഞ്ഞ രഞ്ജിത്തിന്റെ സുഹൃത്ത് ജിൻസിയയും കുടുംബവും 65,000 രൂപയും കുവൈറ്റിൽ ജോലി ചെയ്യുന്ന കടുത്തുരുത്തി കറുപ്പന്തറ സ്വദേശി മെജിത് ജേക്കബ് 50,000 രൂപയും പ്രവാസിയായ ജിഷ്ണു, ജോർളി, അഡ്വ.അനു സി.രാജൻ തുടങ്ങിയ 15 ഓളം പേർ സംഭാവന നൽകിയതോടെയാണ് അതുലിന്റ ഇലക്ട്രോണിക് വീൽ ചെയർ എന്ന സ്വപ്നം യാഥാർത്ഥ്യമായത്. അതുലിന് ആഗ്രഹമുള്ള ചിത്രകല അഭ്യസിക്കാൻ ഒരു അദ്ധ്യാപികയേയും ഏർപ്പെടുത്തിയിട്ടുണ്ട്. അതുലിനായി വാങ്ങിയ വീൽ ചെയർ ഇന്ന് രാവിലെ 9.30ന് അഡ്വ.കെ.കെ.രഞ്ജിത് വീട്ടിലെത്തി കൈമാറും.