കോട്ടയം: 10 രൂപ നാണയമാണിപ്പോൾ ബാങ്കുകളുടെ ദുഃഖം. സാധാരണക്കാർക്കോ ബസുകാർക്കോ വ്യാപാരികൾക്കോ ഒന്നും ഈ നാണയത്തോട് താൽപര്യമില്ല. ജില്ലയിലെ രണ്ടു പ്രമുഖ ബാങ്കുകളിൽ മാത്രം കെട്ടിക്കിടക്കുന്നത് കോടിക്കണക്കിന് രൂപയുടെ 10 രൂപ നാണയങ്ങളാണ്.

ഒരു രൂപ, 2 രൂപ, 5 രൂപ നാണയങ്ങൾക്ക് ആവശ്യക്കാരേറെയുള്ളപ്പോഴാണ് 10 രൂപയ്ക്ക് ഈ ഗതികേട്. മറ്റു നാണയങ്ങളെക്കാൾ വലുപ്പവും ഭാരവുമുള്ളതാണ് ഇതിന്റെ ജനപ്രീതി കുറച്ചത്. മാത്രമല്ല, പത്തു രൂപയുടെ നോട്ടു സുലഭമാണുതാനും.

100 രൂപയുടെ ഒരു നോട്ടിനു പകരം 10 രൂപയുടെ 10 നാണയം ഇടുമ്പോൾ പഴ്‌സ് നിറയും. കച്ചവടക്കാരൊക്കെ 10 രൂപ നാണയം കുറച്ചധികം കൈയിലെത്തിയാലുടൻ ബാങ്കിൽ നൽകി ഒഴിവാക്കുകയാണെന്ന് മാനേജർമാർ പറയുന്നു. കോടിക്കണക്കിന് വരുന്ന നാണയങ്ങൾ ബാങ്കുകളിലെ സ്ഥലം അപഹരിക്കുകയാണ്. ഇവയുടെ ഭാരം കെട്ടിടത്തിലുണ്ടാക്കുന്ന ആഘാതം വേറെ.

ബാങ്ക് ചെസ്റ്റുകളിലും ബ്രാഞ്ചുകളിലും സൂക്ഷിക്കാവുന്ന പണത്തിന് പരിധിയുണ്ട്. നാണയങ്ങളുടെ മൂല്യം ഈ പരിധിയിൽ കവിയുമ്പോൾ സൂക്ഷിക്കാവുന്ന നോട്ടുകൾ കുറയ്‌ക്കേണ്ടി വരും. ഇത് ദൈനംദിന പ്രവർത്തനങ്ങളെപ്പോലും ബാധിക്കും.