കോട്ടയം: പ്രധാനമന്ത്രി കൃഷി സമ്മാൻ നിധിയുടെ വിതരണം പൂർത്തിയാക്കാനുള്ള സമയം അടുത്തമാസം അവസാനിക്കുമ്പോൾ, ഇനിയും ഒരു രൂപ പോലും ലഭിക്കാതെ ജില്ലയിൽ 57,271 പേർ. പണം ലഭിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുന്നവരെ സാങ്കേതികത്വം പറഞ്ഞു കൃഷി ഭവനിൽ നിന്ന് മടക്കുകയാണെന്ന പരാതിയുമുണ്ട്.
വായ്പയുണ്ടെങ്കിലും അമ്പതിനായിരം രൂപയ്ക്ക് മുകളിൽ നിക്ഷേപമുണ്ടെങ്കിലും അക്കൗണ്ടുകളിൽ പണം ലഭിക്കില്ലെന്ന സാങ്കേതികത്വമാണ് കൃഷിഭവനുകളിലെത്തുന്ന കർഷകരോട് പറയുന്നത്. എന്നാൽ ഇതിനെ മറികടക്കാനുള്ള മാർഗനിർദേശമുണ്ടെങ്കിലും പറഞ്ഞ് മനസിലാക്കുന്നില്ല. ബാങ്ക് വായ്പ ഉള്ള അക്കൗണ്ടുകളിൽ പണം നൽകേണ്ടെന്നാണ് പൊതുനിർദേശം. ഈ അക്കൗണ്ടിൽ പണം നൽകിയാൽ കർഷകരുടെ കൈകളിലെത്താതെ വായ്പ ഇനത്തിൽ ബാങ്കുകൾ ഈടാക്കുമെന്നതാണ് കാരണം. ഇതിന് പകരം ആധാറുമായി ബന്ധിപ്പിച്ച മറ്റേതെങ്കിലും ബാങ്ക് അക്കൗണ്ട് നൽകാം. അല്ലെങ്കിൽ പുതിയത് എടുത്തും നൽകാം. സീറോ ബാലൻസ് അക്കൗണ്ടുകളിൽ അമ്പതിനായിരം രൂപ നിക്ഷപമുണ്ടെങ്കിലും പണം നൽകാനാവില്ല. നിക്ഷേപം അമ്പതിനായിരത്തിൽ താഴെയാക്കിയാൽ പ്രശ്നം തീരും. എന്നാൽ ഇക്കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നില്ല. മൊബൈൽ ഫോണിൽ സന്ദേശം വന്നവർക്ക് ആധാർ കാർഡിലെ പിഴവ് പരിഹരിക്കാൻ 30വരെ സമയം കൊടുത്തിട്ടുണ്ട്.
ചെറുകിട കർഷകർക്ക് വർഷം ആറായിരം രൂപ നൽകുന്ന പദ്ധതിയുടെ ആദ്യ ഗഡു കഴിഞ്ഞ മാർച്ച് 31നകം വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഇതോടെ കൃഷിഭവനുകളിൽ തിരക്കായി. കരംഅടച്ച രസീതും ആവശ്യമായതിനാൽ ക്യൂ വില്ലേജ് ഓഫീസുകളിലേയ്ക്കും നീണ്ടു. 11 ബ്ളോക്ക് പഞ്ചായത്തുകളിലെ കൃഷിഭവനുകളിൽ 1,92,185 അപേക്ഷകളാണ് ലഭിച്ചത്. രണ്ടാം ഘട്ട വിതരണം പൂർത്തിയാക്കി. മൂന്നാം ഘട്ടം ഡിസംബറിനുള്ളിൽ വിതരണം ചെയ്യണം.
ആകെ അപേക്ഷകർ - 1.84 ലക്ഷം
ആദ്യ ഘട്ടം ലഭിച്ചവർ - 1.27 ലക്ഷം
രണ്ടാം ഘട്ടം ലഭിച്ചവർ- 1.24ലക്ഷം
മൂന്നാം ഘട്ടം ലഭിച്ചവർ- 97,368
ഒന്നും
കിട്ടാതെ
57,271
പേർ