പാലാ : 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനും ഇടപ്പാടി ആനന്ദഷൺമുഖ സ്വാമി ക്ഷേത്രം ദേവസ്വവും ചേർന്ന് നടത്തുന്ന 7-ാമത് ശിവഗിരി പദയാത്രയുടെ ഭാഗമായുള്ള ' ഇതെന്റെ ഭഗവാന് ' കാണിപ്പൊന്ന് സമാഹരണം ഡിസംബർ 4 ന് ചതയ ദിനത്തിൽ നടത്തുമെന്ന് പദയാത്ര ക്യാപ്റ്റനും യൂണിയൻ കൺവീനറുമായ അഡ്വ. കെ.എം.സന്തോഷ് കുമാർ അറിയിച്ചു. ഡിസംബർ 4 ന് പദയാത്ര സംഘാംഗങ്ങൾ ഓരോ ശാഖകളിലും എത്തി കാണിപ്പൊന്ന് സ്വീകരിക്കും. അന്നേ ദിവസം എല്ലാ ശാഖാ ഭാരവാഹികളും പാദ കാണിക്ക ശാഖാ ഓഫീസിൽ സ്വരൂപിക്കണം. ഇടപ്പാടി താഴ്‌വരയിൽ നിന്ന് ശിവഗിരി കുന്നിലേക്കുള്ള മീനച്ചിൽ യൂണിയന്റെ തീർത്ഥാടന പദയാത്രയിൽ ഇത്തവണ ആദ്യമായാണ് 'ഇതെന്റെ ഭഗവാന് ' കാണിപ്പൊന്നും അകമ്പടിയാകുന്നത്. യൂണിയനു കീഴിലുള്ള പതിമൂവായിരത്തോളം കുടുംബങ്ങളിൽ നിന്നു ശേഖരിക്കുന്ന ഒരു രൂപയിൽ കുറയാതെയുള്ള തുക തീർത്ഥാടകസംഘം ഏറ്റുവാങ്ങി പദയാത്രയായി കൊണ്ടുപോയി ഗുരുദേവന്റെ മഹാസമാധിയിൽ സമർപ്പിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമോ, രോഗങ്ങളാലോ കഷ്ടപ്പെടുകയും ശിവഗിരിയിൽ പോകാൻ കഴിയാതെ വരികയും ചെയ്യുന്ന കുടുംബങ്ങൾക്ക് ഭഗവാന് കാണിക്ക സമർപ്പിക്കാനാണ് ഇത് ർപ്പെടുത്തിയിട്ടുള്ളത്. ഓരോ കുടുംബവും നൽകുന്ന കാണിക്ക , അടുത്ത ചതയ നാളിൽ ഓരോ ശാഖകളിലുമെത്തി പദയാത്രാ സംഘം ഭാരവാഹികൾ ഏറ്റുവാങ്ങും. മഞ്ഞപ്പട്ടിൽ പൊതിഞ്ഞ് ഓരോ സ്ഥലങ്ങളിലേയും ഗുരുദേവക്ഷേത്രങ്ങളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് ഗുരുദേവ സ്തുതികളോടെയാണ് പദയാത്രാ സംഘം ഏറ്റുവാങ്ങുന്നത്. കാണിപ്പൊന്ന് ഏറ്റുവാങ്ങാൻ, വ്രതം നോറ്റ പദയാത്രാസംഘം 4 ന് പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുമ്പോൾ അതാതു മേഖലകളിലെ കുടുംബങ്ങളിൽ നിന്ന് ഒരാൾ വീതമെങ്കിലും എത്തിച്ചേരണം. ഡിസംബർ 25 ന് ആരംഭിച്ച് 31 ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.