പാലാ : ശബരിമല തീർത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിട്ടതോടെ ശരണപാതകളിൽ അയ്യപ്പന്മാരുടെ തിരക്കായി. എന്നാൽ പ്രധാന തീർത്ഥാടക പാതയായ പാലാ - പൊൻകുന്നം റോഡിന്റെ ഇരുവശവും കാട്ടുപള്ളകൾ വളർന്നു നിൽക്കുന്നത് തീർത്ഥാടക വാഹനങ്ങൾക്ക് ഭീഷണിയാകുകയാണ്. അപകട വളവുകളിൽ സ്ഥാപിച്ച ദിശാബോർഡുകളിൽ കാടുകയറിയതിനാൽ വഴിയറിയാതെയാളുകൾ കുഴയുകയാണ്. ദിശാബോർഡുകളും, അപകടസൂചന നല്കുന്ന ഡിലനേറ്റർ പോസ്റ്റും കാട്ടുവള്ളികൾ പടർന്നു ഡ്രൈവർമാർക്ക് കാണാൻ സാധിക്കാത്ത രീതിയിലാണ്. കാണാൻ പറ്റുന്നവയാകട്ടെ വാഹനങ്ങൾ തട്ടി ചരിഞ്ഞതും.
കണ്ണാടിയുറുമ്പിൽ നിന്ന് പന്ത്രണ്ടാം മൈൽ ഭാഗത്തേക്കു പോകുന്ന വളവിൽ കിടക്കുന്ന കരിങ്കല്ലുകൾ
വള്ളിപ്പടർപ്പുകളാൽ മൂടിക്കിടക്കുന്നതിനാൽ കാണാൻ സാധിക്കില്ല. ഇത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇരുവശത്തു നിന്നു വാഹനങ്ങൾ വരുമ്പോൾ റോഡിന്റെ വശങ്ങളിലേക്ക് മാറുന്ന കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഇത് ഭീഷണിയാണ്. ദിവസങ്ങൾക്കുള്ളിൽ ശരണപാതയിൽ കാൽനട തീർത്ഥാടകരുടെ എണ്ണവും കൂടും. ഭൂരിഭാഗം പേരും പകൽ നേരങ്ങൾ ഒഴിവാക്കി രാത്രിയാത്രയാണ് പതിവ്. കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുശല്യവും രൂക്ഷമാണ്.

കാടുകയറിയത് ഇവിടെ

പന്ത്രണ്ടാംമൈൽ

കടയം

മീനച്ചിൽ തോട്ടിലും ഇറങ്ങാനാകില്ല

കാൽനട തീർത്ഥാടകർ കുളിക്കാനും, വസ്ത്രങ്ങൾ വൃത്തിയാക്കാനും മറ്റുമായി ആശ്രയിക്കാറുള്ള മീനച്ചിലാറിന്റെ കൈവഴി കൂടിയായ മീനച്ചിൽ തോട്ടിലേക്കിറങ്ങുന്ന ഭാഗങ്ങളും തോടിന്റെ വശങ്ങളും കാടുപിടിച്ച അവസ്ഥയിലാണ്. മുൻ വർഷങ്ങളിൽ മണ്ഡലകാലത്തോടനുബന്ധിച്ച് ഇവിടം ശുചിയാക്കിയിരുന്നു. ഇത്തവണ ഒന്നുമുണ്ടായില്ല.

അയ്യപ്പന്മാരോടുള്ള അനീതി
അയ്യപ്പഭക്തർക്ക് സുഗമമായ വഴിയാത്ര ഒരുക്കിയില്ലെങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ഇത് തീർത്ഥാടകരോടുള്ള കടുത്ത അനീതിയാണ്.

രഞ്ജിത്ത് മീനാ ഭവൻ, ബി.ജെ.പി

നിയോജകമണ്ഡലം കൺവീനർ