കോട്ടയം: അടിയ്‌ക്കടിയുണ്ടാകുന്ന അക്രമസംഭവങ്ങളിൽ വിറച്ച് ഗാന്ധിനഗർ. നാലു മാസത്തിനിടെ രണ്ടാമത്തെ കൊലപാതകമാണ് ശശിധരന്റേത്. ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലുകളും, കഞ്ചാവ് വിൽപ്പനയും അക്രമസംഭവങ്ങളും ഗാന്ധിനഗറിന്റെ സ്വൈര്യജീവിതം കെടുത്താൻ തുടങ്ങിയിട്ട് ഏറെക്കാലമായി.
ലോട്ടറി വിൽപ്പനക്കാരി തൃക്കൊടിത്താനം പടിഞ്ഞാറേപ്പറമ്പിൽ പൊന്നമ്മയെ (55) ജൂലായ് 13നു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതാണ് ഇതിനുമുൻപുണ്ടായ കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ടു ഒപ്പം താമസിച്ചിരുന്ന സത്യൻ എന്നയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊന്നമ്മയെ കൊലപ്പെടുത്തിയതിന് ഏതാനും മീറ്ററുകൾ അകലെയാണു ഇന്നലെ റിട്ട. എസ്.ഐ. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മദ്ധ്യകേരളത്തിലെ ഏറ്റവും തിരക്കേറിയ മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തിക്കുന്ന സ്ഥലത്താണ് അടിക്കടി കൊലപാതകവും അക്രമ സംഭവങ്ങളും ഉണ്ടാകുന്നത്.
റിട്ട.എസ്.ഐയുടെ മരണത്തിനു പിന്നിൽ ഗാന്ധിനഗർ, മെഡിക്കൽ കോളേജ് പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള ഗുണ്ടാ, മയക്കുമരുന്നു മാഫിയയുടെ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ശശിധരന്റെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്‌ടമായിട്ടില്ല. ഈ സാഹചര്യത്തിൽ മോഷണമല്ല ലക്ഷ്യമെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകമാണെന്നും വ്യക്തമാണ്.
ഒട്ടേറെ ക്രിമിനലുകൾ തമ്പടിച്ചിരിക്കുന്ന സ്ഥലമാണു ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധി. വിവിധ സ്ഥലങ്ങളിൽ നിന്നു വന്നു താമസിക്കുന്നവരാണ് ഇവിടെ കൂടുതലും അതാണ് അക്രമികൾ ഇവിടം താവളമാക്കാൻ കാരണം. മെഡിക്കൽ കോളജിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരെന്ന വ്യാജേന പ്രദേശത്തു തമ്പടിക്കുന്ന ക്രിമിനലുകളുമുണ്ട്.
മരണം വിദേശത്തേയ്‌ക്ക് പോകാനിരിക്കെ
മക്കളെ കാണാൻ വിദേശത്തേയ്‌ക്കു പോകാനിരിക്കെ അപ്രതീക്ഷിതമായുള്ള ശശിധരന്റെ മരണം നാടിനെ നടുക്കി. ശശിധരന്റെ രണ്ടു മക്കളും അയർലൻഡിൽ നഴ്സുമാരാണ്. ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു ശശിധരൻ. വർഷങ്ങളോളം കോട്ടയം ഡിവൈ.എസ്.പി. ഓഫീസിൽ റൈറ്റർ ആയിരുന്നു. ഒട്ടേറെ സൗഹൃദ ബന്ധങ്ങളുള്ളയാളാണ് ശശിധരനെന്ന് നാട്ടുകാരും സഹപ്രവർത്തകരും പറയുന്നു.