തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് മകനോടൊപ്പം സഞ്ചരിച്ച വീട്ടമ്മയ്ക്ക് പരിക്കേറ്റു. തലയോലപ്പറമ്പ് ചേമ്പാലയിൽ ഇക്ബാലിന്റെ ഭാര്യ ഹസീനയ്ക്കാണ് (40) പരിക്ക്. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ തലയോലപ്പറമ്പ്-നീർപ്പാറ റോഡിൽ വെട്ടിക്കാട്ട്മുക്ക് ജംഗ്ഷന് സമീപമാണ് അപകടം. കാഞ്ഞിരമറ്റത്തു നിന്നും തലയോലപ്പറമ്പിലേക്ക് വരികയായിരുന്ന സ്‌കൂട്ടറിലേക്ക് വെള്ളൂർ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് വന്ന് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന ഇവരുടെ മകൻ ഇർഫാൻ (19) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. തലയോലപ്പറമ്പ് പൊലീസ് മേൽനടപടി സ്വീകരിച്ചു.