പൊൻകുന്നം : ഹൈറേഞ്ചിന്റെ ഉയരങ്ങളിൽ നിന്നു ലണ്ടന്റെ ആകാശം കീഴടക്കാനൊരുങ്ങി മുണ്ടക്കയം കൂട്ടിക്കൽ ചെമ്പൻകുളം തറവാട്ടിലെ ഐശ്വര്യ. ലണ്ടനിലെ ന്യുഹോം കേളേജിൽ എല്ലാ വിഷയങ്ങൾക്കും എ സ്റ്റാർ നേടിയാണ് ആദ്യവനിതാപൈലറ്റ് എന്ന ബഹുമതിക്കായി ഈ പതിനേഴുകാരി കുതിക്കുന്നത്. പൈലറ്റ് പരിശീലനയോഗ്യത നേടിയ ഐശ്വര്യ 18 വയസ് തികയാൻ കാത്തിരിക്കുകയാണ് കോഴ്‌സ് പൂർത്തിയാക്കാൻ. പൈലറ്റാകാൻ വേണ്ട അടിസ്ഥാനയോഗ്യതയ്ക്കുള്ള 13 പ്രിലിമിനറി പരീക്ഷകളും വിജയിച്ചു. വെസ്റ്റ് സസക്‌സിലെ ക്രൗളി എൽത്രി ഹാരിസ് എയർലൈൻ അക്കാഡമിയിലാണ് പഠിക്കുന്നത്. 30 ലേറെ രാജ്യങ്ങളുമായി കാമ്പസ് റിക്രൂട്ട്‌മെന്റ് കരാറുള്ള കമ്പനിയായതിനാൽ ജോലി ഉറപ്പാണ്. കടുത്ത മത്സരത്തെ അതിജീവിച്ചാണ് പ്രവേശനപരീക്ഷയിലും വിവിധ ഇന്റർവ്യുകളിലും ഐശ്വര്യ മികച്ച വിജയം നേടിയത്. അച്ഛൻ ബിജു ബാലചന്ദ്രനും അമ്മ രജിതയും മകളുടെ ജീവിതാഭിലാഷം യാഥാർത്ഥ്യക്കാൻ ഒപ്പമുണ്ട്. ചേച്ചി അശ്വതി ബൾഗേറിയയിൽ മെഡിസിന് അവസാനവർഷം പഠിക്കുന്നു. 25 വർഷമായി യു.കെയിൽ താമസിക്കുന്ന ബിജു ബാലചന്ദ്രന്റെ കുടുംബത്തോടൊപ്പം യു.കെ മലയാളി സമൂഹവും കാത്തിരിക്കുകയാണ് ഐശ്വര്യ ആദ്യവനിതാ പൈലറ്റിന്റെ കിരീടമണിയുന്നതു കാണാൻ.