തലയോലപ്പറമ്പ്: പള്ളിക്കവല-തലപ്പാറ റോഡിൽ വാഹനാപകടങ്ങൾ നിത്യസംഭവമാകുന്നു. കഴിഞ്ഞ ദിവസം ഇല്ലിത്തൊണ്ട് ജംഗ്ഷന് സമീപം നാഷണൽ പെർമിറ്റ് ലോറിയെ അമിത വേഗത്തിൽ മറികടക്കുന്നതിനിടെ പിക്അപ് വാൻ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് ചക്കുംകുഴി കരോട്ട് ദിനീഷിന്റെ ഭാര്യ നീലിമ (26) മരിച്ചതാണ് ഒടുവിലത്തെ ദുരന്തം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനീഷ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏതാനും ദിവസം മുൻപ് ഈ ഭാഗത്ത് പെട്രോൾ പമ്പിലേക്ക് കയറുന്നതിനായി റോഡിന് കുറുകെ അമിത വേഗത്തിൽ തിരിച്ച കാർ ബുള്ളറ്റിലിടിച്ച് കാഞ്ഞിരപ്പള്ളി പട്ടിമുറ്റം തേനമ്മാംക്കൽ മുഹമ്മദ് സെയ്ഫുദ്ദിൻ (18) എന്ന് യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്നലെ വൈകിട്ട് 5ന് വെട്ടിക്കാട്ട് മുക്ക് ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിൽ ഇടിച്ച് മകനോടൊപ്പം യാത്ര ചെയ്തിരുന്ന തലയോലപ്പറമ്പ് ചേമ്പാലയിൽ ഹസീന (40) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സമീപത്തുള്ള സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഈ ഭാഗത്ത് വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനായി സ്പീഡ് ബ്രേക്കർ മുതലായ സജ്ജീകരണങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

 വളവും തിരിവുമില്ലാതെ കിടക്കുന്ന റോഡിൽ വാഹനങ്ങൾ അമിത വേഗത്തിലും മറ്റ് വാഹനങ്ങളെ അശ്രദ്ധയോടെയും മറികടന്നും പോകുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. അമിത വേഗത നിയന്ത്രിക്കുന്നതിനായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കണം

 കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ഉണ്ടായത് -- 12 അപകടങ്ങൾ

 കാൽനടയാത്രയും ഭീതികരം

ഈ വഴി കാൽനടയാത്രയും പ്രയാസകരമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. അമിതവേഗതയിൽ എത്തുന്ന വാഹനങ്ങൾ കാൽനടയാത്രികർക്കും ഭീഷണിയാണ്. ഒരു മാസം മുൻപ് തലപ്പാറ ജംഗ്ഷന് സമീപം പേരക്കുട്ടിയുമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അശ്രദ്ധയോടെ ഓടിച്ച സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിടിച്ച് വീട്ടമ്മ മരിച്ചിരുന്നു. പേരക്കുട്ടി റോഡരികിലെക്ക് തെറിച്ച് പോയതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇല്ലിത്തൊണ്ടിന് സമീപം അമിതവേഗത്തിൽ വന്ന ബുള്ളറ്റ് ഇടിച്ച് ലോട്ടറി വില്പനക്കാരൻ തലപ്പാറ വട്ടത്തറയിൽ ജോയിക്ക് (50) പരിക്കേറ്റിരുന്നു.