ചങ്ങനാശേരി: പായിപ്പാട് ചങ്ങനാശേരി കവിയൂർ റോഡ് നിലവിലുള്ള മാസ്റ്റർ പ്ലാൻ പ്രകാരം 12 മീറ്റർ വീതിയിൽ പൂർത്തീകരിക്കണമെന്ന് ജനകീയ ആവശ്യപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ബിനുവിന്റെ അദ്ധ്യക്ഷതയിൽ പായിപ്പാട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജനപ്രതിനിധികളുടെയും, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ റോഡു നിർമ്മാണം സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് സി.എഫ് തോമസ് എം.എൽ.എ മറുപടി പറഞ്ഞു. പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന്, റവന്യൂ പി.ഡബ്ല്യൂ.ഡി, സർവ്വേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു കൂട്ടണം. ഈ യോഗത്തിൽ ചങ്ങനാശേരി നഗരസഭ, തൃക്കൊടിത്താനം, പായിപ്പാട് ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻമാരുടെയും ബന്ധപ്പെട്ട ജനപ്രതിനിധികളെയും പങ്കെടുക്കുവാൻ തീരുമാനിച്ചു. കാര്യക്ഷമതയില്ലാത്ത ഓട നിർമ്മാണം നിർത്തിവയ്ക്കണമെന്നും പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിനുശേഷം നിർമ്മാണം നടത്തിയാൽ മതിയെന്നും യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. രൂക്ഷമായ പൊടിശല്യവും യാത്രാക്ലേശവും പരിഹരിക്കുന്നതിനുവേണ്ടി 7 മീറ്റർ വീതിയിൽ ടാറിംഗ് ജോലികൾ പൂർത്തീകരിച്ച ശേഷം മാത്രമേ തുടർ പ്രവർത്തനങ്ങൾ നടത്താൻ പാടുള്ളൂവെന്ന് യോഗം നിർദ്ദേശിച്ചു. റോഡ് വികസനം സംബന്ധിച്ച് കൂടിയ യോഗത്തിൽ തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു, പായിപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റീനാമോൾ റോബി, ജെയിംസ് വേഷ്ണാൽ, എൻ.കൃഷ്ണകുമാർ, ജോസഫ് തോമസ് എന്നിവർ പങ്കെടുത്തു.