road

കോട്ടയം: കുമരകം റോഡിന്റെ ബൈപ്പാസാക്കി മാറ്റാൻ സാധിക്കുന്ന ചീപ്പുങ്കൽ - മണിയാപറമ്പ് - മെഡിക്കൽ കോളേജ് റോഡ് തകർന്നു തരിപ്പണമായി. റോഡ് തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപണി നടത്തി റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ തയ്യാറാകുന്നില്ല.

1988 ൽ ജോസഫ് പൊടിപാറ എം.എൽ.എ ആയിരിക്കെയാണ് റോഡ് വിഭാവനം ചെയ്‌തത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് റോഡ് ബൈപ്പാസാക്കി ഉയർത്തുന്നതിനായി 42.5 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 11 കോടി രൂപ ചിലവഴിച്ച് സൂര്യകവല മുതൽ മണിയാപറമ്പ് വരെയുള്ള പ്രദേശം ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്‌ത് നവീകരിക്കുകയും ചെയ്‌തിരുന്നു. ഇതിനു ശേഷമുള്ള റോഡിനു വേണ്ടി ബാക്കിയുണ്ടായിരുന്ന 30 കോടി രൂപയ്‌ക്കു പുറമേ, ഒൻപത് കോടി രൂപ കൂടി അധികമായി അനുവദിച്ചെങ്കിലും റോഡ് നി‌ർമ്മാണം പക്ഷേ സർക്കാർ മുന്നോട്ടു കൊണ്ടുപോയില്ല. കോടികൾ ചിലവഴിച്ച് നിർമ്മിച്ച മണിയാപറമ്പ് പാലമാകട്ടെ അപ്രോച്ച് റോഡില്ലാത്തതിനെ തുടർന്ന് ഇരുകരകളിലും തൊടാതെ നിൽക്കുകയാണ്. കരിപ്പൂത്തട്ട് - പെരുമ്പടപ്പ് - തൊണ്ണംകുഴി - നേരേകടവ് റോഡുകൾ യഥാസമയം അറ്റകുറ്റപണി നടത്താതെ വന്നതിനെ തുടർന്ന് തകർന്ന് തരിപ്പണമായി കിടക്കുകയാണ്. ഈ റോഡിൽ ഒരിടത്തും കുഴിയല്ലാതെ മറ്റൊന്നും കാണാനില്ലാത്ത സ്ഥിതിയാണ്.

 കാൽനൂറ്റാണ്ടുമുൻപ് തുടങ്ങിയ നിർമ്മാണം, ഇപ്പോൾ റോഡിൽ കുഴികൾ മാത്രം

കാൽനൂറ്റാണ്ടുമുൻപാണ് മെഡിക്കൽ കോളേജിലേയ്‌ക്ക് കോട്ടയം നഗരത്തിൽ പ്രവേശിക്കാതെ കുമരകത്തു നിന്നും എത്തുന്ന റോഡ് എന്ന സ്വപ്‌നത്തോടെ ചീപ്പുങ്കൽ നിന്നും റോഡ് നിർമ്മാണം ആരംഭിച്ചത്. കുമരകം, ചേർത്തല, അയ്‌മനം, ആർപ്പൂക്കര പഞ്ചായത്തിന്റെ പടിഞ്ഞാറൻമേഖല എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കിലോമീറ്ററുകളോളം ലാഭിച്ച് അതിവേഗം എത്തിച്ചേരാൻ സാധിക്കുന്ന റോഡായിരുന്നു വിഭാവനം ചെയ്‌തത്. വിവിധ സ്ഥലങ്ങളിൽ ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയും ചെയ്‌തു. എന്നാൽ, ഇപ്പോൾ പല സ്ഥലത്തും റോഡ് പൂർണമായും തകർന്ന് കിടക്കുന്ന സ്ഥിതിയാണ്. ടാറിംഗ് ഇളകിമാറി തെളിഞ്ഞതിനെ തുടർന്ന് റോഡിൽ കുഴികൾ മാത്രമാണ് ഇപ്പോഴുള്ളത്.

പ്രതിഷേധവുമായി കോൺഗ്രസ്

റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആർപ്പൂക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്‌തു. ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ജെ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, മുൻ പ്രസിഡന്റ് മോഹനൻ ചതുരച്ചിറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസിലി ടോമിച്ചൻ, റോയി പുതുശേരി, അഗസ്റ്റിൻ ജോസഫ്, സോബിൻ തെക്കേടം, ടോമിച്ചൻ കാവക്കണ്ണി, മനോജ് പുന്നകുഴം, ശ്രീമോൻ തൊട്ടിൽ, സാബു ചുഴലിക്കുഴി, സ്റ്റാൺസൻ പേരാമ്പ്ര , ജോൺ ജോസഫ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.