കോട്ടയം: റിട്ട.എസ്.ഐ തെള്ളകം മുടിയൂർക്കര പറയകാവിൽ സി.ആർ ശശിധരനെ (62) വെട്ടിക്കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസിന്റെ നിഗമനം. പ്രഭാത സവാരിയ്ക്കിറങ്ങിയപ്പോഴാണ് ശശിധരൻ കൊലചെയ്യപ്പെട്ടത്. സംഭവത്തിൽ അയൽവാസി കണ്ണാമ്പടം ജോസഫ് കുര്യനെ (സിജു - 45) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂച്ചയുള്ള ആയുധം ഉപയോഗിച്ചാണ് കൊലനടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വെട്ടിൽ ഇടതുചെവി അറ്റ് താഴെവീണു. തലയുടെ പിറകിൽ ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. കൂടാതെ കൈയ്യിലും മുറിവുണ്ട്. രക്തം വാർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. പോസ്റ്റുമോർട്ടത്തിനു ശേഷം തെള്ളകത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിച്ചു. വൈകുന്നേരം നാലിന് സംസ്കരിക്കും. റോഡ് വെട്ടുമായി ബന്ധപ്പെട്ട് സിജുവും ശശിധരനുമായി കേസ് നിലവിലുണ്ട്. ഇതാവാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സിജുവിനെ ചോദ്യം ചെയ്തുവരികയാണെന്ന് ഗാന്ധിനഗർ സി.ഐ അനൂപ് ജോസ് പറഞ്ഞു. ഇന്ന് പുലർച്ചെ അയർലൻഡിലുള്ള മക്കളുടെ അടുത്തേയ്ക്ക് പോകാനിരിക്കെയാണ് ശശിധരൻ കൊലചെയ്യപ്പെട്ടത്.
ഇന്നലെ പുലർച്ചെ പ്രഭാതസവാരിക്കായി വീട്ടിൽ നിന്ന് ഇറങ്ങിയ ശശിധരനെ മെഡിക്കൽ കോളേജിനു സമീപം എസ്.എൻ.ഡി.പി ശാഖാ മന്ദിരം റോഡിൽ വെട്ടേറ്റ് വീണനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സർവീസിലിരിക്കെ ആരെങ്കിലും ശശിധരനോട് വൈരാഗ്യം വച്ചുപുലർത്തിയിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കോട്ടയം ഡിവൈ.എസ്.പി ഓഫീസിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന ശശിധരൻ ഗാന്ധിനഗർ സ്റ്റേഷനിൽ എസ് .ഐ ആയിരിക്കെയാണ് സർവീസിൽ നിന്നും വിരമിച്ചത്. ഇദ്ദേഹവും ഭാര്യ സുമയും മാത്രമായിരുന്നു മുടിയൂർക്കരയിലെ വീട്ടിൽ താമസിക്കുന്നത്. മക്കളായ പ്രനൂപും പ്രീതിയും അയർലൻഡിൽ നഴ്സുമാരാണ്. മരുമക്കൾ: രമ്യ (ഓമല്ലൂർ), അരുൺ (ഏറ്റുമാനൂർ).