കുറിച്ചി: കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ പണികഴിപ്പിക്കുന്ന ഗുരുദേവ ധ്യാന മന്ദിരത്തിന്റെ കട്ടിളവയ്പ്പ് കർമ്മം ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നിർവഹിച്ചു. ഷാജി ശാന്തി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ഖജാൻജി സ്വാമി ശാരദാനന്ദ, ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, എസ്.എൻ.ഡി.പി.യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ, യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ. രാജീവ്, വൈസ് പ്രസിഡന്റ് വി.എം. ശശി, ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ, ഗുരുധർമ്മ പ്രചരണ സഭ പി.ആർ.ഒ.ഇ എം.സോമനാഥൻ, സഭ ജോ. രജിസ്ട്രാറും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് എൻജിനീയറിംഗ് കമ്മറ്റിയംഗവുമായ ഡി.അജിത്ത് കുമാർ തുടങ്ങിയവരും സംബന്ധിച്ചു. തുടർന്ന് ആശ്രമത്തിൽ നടന്ന സമ്മേളനത്തിൽ ധ്യാനമന്ദിര മുഖമണ്ഡപം നിർമ്മാണച്ചെലവ് യോഗം അസിസ്റ്റന്റ് സെക്രട്ടറി രവീന്ദ്രൻ എഴുമറ്റം വിശുദ്ധാനന്ദ സ്വാമിക്ക് കൈമാറി. പുതു തലമുറ ശ്രീനാരായണ ഗുരുദേവ ദർശനത്തിലേയ്ക്ക് ആകൃഷ്ടരാകുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്ന് വിശുദ്ധാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ഗുരുദേവ ശിഷ്യ പ്രധാനിയായിരുന്ന സ്വാമി ശ്രീനാരായണ തീർത്ഥർ പ്രതിഷ്ഠിച്ചിരുന്ന ഏക ദൈവ പ്രതിഷ്ഠക്ക് ഒപ്പം ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹവും പുതിയ ധ്യാന മന്ദിരത്തിൽ ഉണ്ടാകും. 50ലക്ഷം രൂപ ചെലവിലാണ് മന്ദിരം പണിയുക. നിർമ്മാണത്തിന് എല്ലാ മേഖലയിൽ നിന്ന് സഹായം ഉണ്ടാകണമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അഭ്യർത്ഥിച്ചു.