കോട്ടയം: എം.ജി സർവകലാശാലയിലെ വിവാദ മാർക്കു ദാനം സിൻഡിക്കേറ്റ് റദ്ദാക്കി ഒരു മാസം കഴിഞ്ഞിട്ടും തുടർനടപടി ആയില്ല. മോഡറേഷൻ വഴി ജയിച്ച 69 വിദ്യാർത്ഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങി മറ്റു സർവകലാശാലകളിൽ പ്രവേശനം തേടിയിരുന്നു. ഇവരുടെ സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങാനാണ് സർവകലാശാല മടിക്കുന്നത്.

സർവകലാശാലാ ആക്ട് അനുസരിച്ച് മാർക്കുദാനമടക്കം സിൻഡിക്കേറ്റെടുത്ത തീരുമാനങ്ങൾ റദ്ദാക്കാൻ ചാൻസലർക്കാണ് അധികാരം. ബി.ടെക് തോറ്റവർക്ക് അഞ്ചു മാർക്കു കൂട്ടിക്കൊടുക്കാൻ സിൻഡിക്കേറ്റ് എടുത്ത തീരുമാനമാണ് വിവാദമായതോടെ റദ്ദാക്കിയത്. 119 കുട്ടികൾ മോഡറേഷൻ നേടി ജയിച്ചിരുന്നു. വിവാദമായതോടെ ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള 84 അപേക്ഷകൾ പരിഗണിക്കുന്നത് മരവിപ്പിച്ചു. എന്നാൽ 69 പേർ ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി സർട്ടിഫിക്കറ്റ് വാങ്ങി. ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഒരു വർഷത്തിലേറെയായി കെട്ടിക്കിടക്കുമ്പോഴാണ് സർവകലാശാല ആസ്ഥാനത്തെത്തി അപേക്ഷ നൽകി അന്നു തന്നെ പലരും സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. ഇതിന് ശേഷമായിരുന്നു മോഡറേഷൻ റദ്ദാക്കാനും ഡിഗ്രി സർട്ടി ഫിക്കറ്റ് തിരിച്ചു വാങ്ങാനും തീരുമാനിച്ചത് . വിദേശ രാജ്യങ്ങളിലെ പഠനത്തിനും ജോലിക്കും ആവശ്യമായ ട്രാൻസ്ക്രിപ്്റ്റ് സർട്ടിഫിക്കറ്റും പലരും കൈപ്പറ്റി.

പ്രതിസന്ധി

ഡിഗ്രി സർട്ടിഫിക്കറ്റും ട്രാൻസ്ക്രിപ്റ്റും വിതരണം ചെയ്തതിനാൽ അസാധുവാക്കാനുള്ള പ്രക്രിയ സങ്കീർണ്ണമാണ്. സർവകലാശാലാ നിയമമനുസരിച്ച് ബിരുദം റദ്ദാക്കണമെങ്കിൽ അക്കാദമിക് കൗൺസിൽ വിളിക്കണം. സിൻഡിക്കേറ്റ് തീരുമാനം അംഗീകരിച്ച് ചാൻസലർ ഒപ്പിട്ടാലേ തീരുമാനം റദ്ദാവൂ. ഈ നടപടി ക്രമങ്ങൾ പാലിക്കാതെ മാർക്കു ദാനം ഒറ്റയടിക്ക് സിൻഡിക്കേറ്റ് റദ്ദാക്കിയതിനാലാണ് തീരുമാനം നീളുന്നത്.

നടപടിക്രമം

 അക്കാദമിക് കൗൺസിൽ വിളിച്ചു ചേർത്ത് വിഷയം അവതരിപ്പിക്കണം

 സർട്ടിഫിക്കറ്റ് വാങ്ങിയ വിദ്യാർത്ഥികൾക്ക് പ്രത്യേകം മെമ്മോ നൽകണം.

 വിദ്യാർത്ഥികളെ വിളിച്ചു വരുത്തി ഇതിനുള്ള കാരണം ബോധിപ്പിക്കണം

 ഇതിന് ശേഷം മാത്രമേ മാർക്ക് ദാനം സ്ഥിരമായി റദ്ദാക്കാൻ കഴിയൂ


മോഡറേഷൻ നേടിയത്

119 പേർ

സർട്ടിഫിക്കറ്റ് നേടിയത്

69 പേർ